അകലനരയാണോ പ്രശ്നം; പരിഹാരമാർഗങ്ങൾ വീട്ടിൽ തന്നെയുണ്ട്
പ്രായമേറുന്നതിന്റെ അടയാളമായാണ് നരയെ കണക്കാക്കുന്നത്. അതുകൊണ്ട് ഒന്നോ രണ്ടോ നരച്ചമുടി കണ്ടാൽ തന്നെ പലരിലും ഇത് ടെൻഷൻ വർധിപ്പിക്കാൻ കാരണമാകും. എന്നാൽ ഇന്ന് മിക്കവരിലും കണ്ടുവരാറുണ്ട് അകാലനരയുടെ പ്രശ്നങ്ങൾ. ജനിതകപരമായ കാരണങ്ങളും മാനസിക സമ്മർദ്ദവുമടക്കം അടക്കം ഇങ്ങനെ ചെറുപ്പത്തിൽ തന്നെ തല നരയ്ക്കുന്നതിനു പിന്നിൽ ഒന്നിലധികം കാരണങ്ങളുണ്ട്. ജീവിത ശൈലിയും ഭക്ഷണ രീതിയും മാനസിക ആരോഗ്യവുമെല്ലാം ഇതിന് കാരണങ്ങളാകാറുണ്ട്.
ഹോർമോൺ അസന്തുലിതാവസ്ഥ പലപ്പോഴും മുടിനരയ്ക്കാൻ കാരണമാകാറുണ്ട്. പുകവലി മുടിയെ കാര്യമായി ബാധിക്കും. പുകവലിക്കുന്നവരുടെ മുടി ചെറുപ്പത്തിൽ തന്നെ നരച്ച് തുടങ്ങും. രോഗപ്രതിരോധ ശേഷി കുറയുന്നതും നരയിലേക്ക് നയിക്കാം. തൈറോയിഡുള്ള ആളുകൾക്ക് പൊതുവെ നര ഒരു രോഗലക്ഷണമായി പറയാം. ഹൈപ്പർ തൈറോയ്ഡിസവും, ഹൈപ്പോ തൈറോയ്ഡിസവും ഉള്ളവർക്ക് മുടി നരയ്ക്കാറുണ്ട്.
അകാലനര തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ നോക്കാം:
നെല്ലിക്ക: നെല്ലിക്ക മുടിയുടെ എല്ലാവിധ പ്രശ്നങ്ങൾക്കും ഒരുപരിധിവരെ പരിഹാരമാണ്. പതിവായി നെല്ലിക്ക കഴിക്കുന്നത് മുടി നരയ്ക്കുന്നത് തടയാൻ സഹായിക്കും. ഉണക്കിയ നെല്ലിക്ക കുറച്ച് വെളിച്ചെണ്ണയിൽ ഇട്ട് തിളപ്പിച്ച് തലയിൽ നന്നായി മസാജ് ചെയ്യാം.
കറിവേപ്പില; കറിവേപ്പില പൊടിച്ചത് മോരിൽ കലർത്തി തലയിൽ തേച്ച ശേഷം ഉണങ്ങുമ്പോൾ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. വെളിച്ചെണ്ണയിൽ കറിവേപ്പിലയിട്ട് തിളപ്പിച്ച് തേക്കുന്നതും ഉത്തമമാണ്. ഏതു മാർഗമായാലും അത് ആഴ്ചയിൽ രണ്ടുതവണ ആവർത്തിക്കുക. ഉരുളക്കിഴങ്ങിന്റെ തൊലി, ചീവയ്ക്ക തുടങ്ങിയവയെല്ലാം അകാല നരക്ക് പരിഹാരമാണ്.
ഉള്ളി: ഉള്ളി നീരിൽ അകാലനര അകറ്റുവാൻ സഹായിക്കുന്ന കാറ്റലേയ്സ് എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഉള്ളി നീരും ഗോതമ്പ് പുല്ല് പൊടിച്ചതും ചേർത്ത മിശ്രിതം ഏതെങ്കിലും എണ്ണയിൽ ചേർത്ത് തലയിൽ പുരട്ടുന്നത് നര തടയും.
അതേസമയം ജനിതകപരമായ തകരാർ മൂലമുണ്ടാകുന്ന അകാലനര പരിഹരിക്കാൻ കഴിയില്ല. ഇത്തരം കേസുകളിൽ ഡോക്റുമാരുടെ നിർദ്ദേശപ്രകാരമുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നതാണ് ഉത്തമം.
Story highlights: tips to prevent premature greying of hair