ഉത്തപ്പക്ക് അർധ സെഞ്ചുറി; ലഖ്‌നൗവിനെതിരെ തകർത്തടിച്ച് ചെന്നൈ
ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ ആഞ്ഞടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. റോബിൻ ഉത്തപ്പയുടെയും മൊയീൻ അലിയുടെയും ബാറ്റിംഗ് മികവാണ് ചെന്നൈക്ക് തുണയാവുന്നത്. ഉത്തപ്പ 50 റൺസ് അടിച്ചെടുത്തപ്പോൾ മൊയീൻ അലി 35 റൺസാണ് ചെന്നൈക്ക് വേണ്ടി നേടിയിരിക്കുന്നത്. 14 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് ചെന്നൈ അടിച്ചു കൂട്ടിയിരിക്കുന്നത്.
മുൻ ഇന്ത്യൻ താരം കൂടിയായ റോബിൻ ഉത്തപ്പയുടെ അർധ സെഞ്ചുറിയുടെ ബലത്തിലാണ് ചെന്നൈ മികച്ച സ്കോറിലെത്തിയിരിക്കുന്നത്. 27 പന്തിൽ 50 റൺസ് അടിച്ചെടുത്തതിന് ശേഷമാണ് ഉത്തപ്പ രവി ബിഷ്‌ണോയിയുടെ പന്തിൽ വിക്കറ്റിന് മുൻപിൽ കുരുങ്ങുന്നത്. 1 സിക്സും 8 ബൗണ്ടറിയുമടങ്ങുന്നതാണ് ഉത്തപ്പയുടെ അർധ സെഞ്ചുറി.
നേരത്തെ ടോസ് നേടിയ ലഖ്‌നൗ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങിയിരിക്കുന്നത്. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി ചെന്നൈ നിരയില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കന്‍ താരം ഡ്വയിന്‍ പ്രിട്ടോറിയസും ചെന്നൈ ടീമിലുണ്ട്. മൂന്ന് വിദേശ താരങ്ങളാണ് ചെന്നൈ ടീമിലുള്ളത്. ലഖ്നൗ ടീമിലും ഒരു മാറ്റമുണ്ട്. ആന്‍ഡ്ര്യു ടൈ സൂപ്പർ ജയന്റ്സിനായി ഇന്ന് ആദ്യ മത്സരം കളിക്കുകയാണ്.
ഇരു ടീമുകളും ഈ സീസണിലെ ആദ്യ ജയത്തിനായാണ് ഇന്നിറങ്ങുന്നത്. കൊൽക്കത്തയ്‌ക്കെതിരെ ആദ്യ മത്സരത്തിൽ ചെന്നൈ പരാജയം രുചിച്ചപ്പോൾ അരങ്ങേറ്റക്കാരുടെ മത്സരത്തിൽ ഗുജറാത്തിനെതിരെയാണ് ലഖ്‌നൗ തോൽവി അറിഞ്ഞത്.
ഇന്നത്തെ മത്സരത്തിൽ മൊയീൻ അലി ടീമിലേക്ക് തിരിച്ചെത്തിയതാണ് ചെന്നൈയുടെ ബൗളിംഗ് നിരയ്ക്ക് ആശ്വാസം നൽകുന്നത്. മറുഭാഗത്ത് ക്വിന്‍റണ്‍ ഡി കോക്കിലും ക്യാപ്റ്റന്‍ കെ എല്‍ രാഹുലിലുമാണ് ലഖ്‌നൗവിന്റെ പ്രതീക്ഷകൾ.
രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് ഈർപ്പത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാലാണ് ടോസ് നേടിയിട്ടും ലഖ്‌നൗ ചെന്നൈയെ ബാറ്റിങ്ങിനയച്ചത്.
Story Highlights: Uthappa scores half century