യുക്രൈയ്ൻ യുദ്ധമണ്ണിലേക്ക് പറന്നിറങ്ങിയത് ആറുതവണ; 800 ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ത്യയിലെത്തിച്ച് ഇരുപത്തിനാലുകാരിയായ പൈലറ്റ്
ജീവിതത്തിൽ പലരും ചരിത്രപരമായ വഴിത്തിരിവുകളുടെ ഭാഗമാകാറുണ്ട്. അപൂർവ്വം ചിലർക്ക് ഭാഗ്യമാണത്.
കൊൽക്കത്തയിൽ നിന്നുള്ള 24 കാരിയായ പൈലറ്റ് മഹാശ്വേത ചക്രവർത്തി അത്തരമൊരു ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ഒരുദിവസം രാത്രി വൈകി ഒരു കോൾ വന്നതാണ് മഹാശ്വേത ചക്രവർത്തി. അതിനുപിന്നാലെ അവർക്ക് ഒരു അടിയന്തര ദൗത്യം ആരംഭിക്കേണ്ടിവന്നു. ഇൻഡിഗോ പൈലറ്റായ മഹാശ്വേത ചക്രവർത്തിയ്ക്ക് അന്ന് വന്നത് ഡ്യൂട്ടിയിൽ റിപ്പോർട്ട് ചെയ്യാനുള്ള ഒരു പതിവ് കോളായിരുന്നു. പക്ഷേ, അത് ഒരു വലിയ ജീവിതാനുഭവമായി മാറി.
കൊൽക്കത്തയിലെ ന്യൂ ടൗൺ ഏരിയയിൽ നിന്നുള്ള ഈ പെൺകുട്ടി അത്ര പ്രസിദ്ധയായിരുന്നില്ല. എന്നാൽ ഇപ്പോൾ, യുദ്ധത്തിൽ തകർന്ന ഉക്രെയ്നിലെ പോളിഷ്, ഹംഗേറിയൻ അതിർത്തികളിൽ നിന്ന് 800 ഇന്ത്യൻ വിദ്യാർത്ഥികളുമായി നാട്ടിലേക്ക് എത്തിച്ചാണ് മഹാശ്വേത താരമാകുന്നത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായിരുന്ന മഹാശ്വേത ഫെബ്രുവരി 27 നും മാർച്ച് 7 നും ഇടയിൽ ആറ് ഇവാക്വേഷൻ വിമാനങ്ങൾ പറത്തി. നാല് തവണ പോളണ്ടിൽ നിന്നും രണ്ടുതവണ ഹംഗറിയിൽ നിന്നും.
‘കൗമാരത്തിന്റെ അവസാനത്തിലും ഇരുപതുകളുടെ തുടക്കത്തിലുമുള്ള ആ വിദ്യാർത്ഥികളെ രക്ഷിച്ചത് ഒരു ജീവിതകാലത്തെ അനുഭവമായിരുന്നു’ എന്നാണ് മഹാശ്വേത മാധ്യമങ്ങളോട് പ്രതികരിച്ചത്. കൊവിഡ് -19 ന്റെ പ്രാരംഭ ഘട്ടത്തിൽ നടത്തിയ വന്ദേ ഭാരത് ഓപ്പറേഷന്റെ ഭാഗമായിരുന്നു മഹാശ്വേത.
യുക്രൈയ്നിലെ നാല് അയൽരാജ്യങ്ങളിലെ അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇൻഡിഗോയാണ് ഭൂരിഭാഗം സർവീസുകളും നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ 77 ഒഴിപ്പിക്കൽ വിമാനങ്ങൾ യുക്രൈന്റെ അതിർത്തിയിലേക്ക് പറന്നു.
എയർ ഇന്ത്യയിൽ തുടങ്ങി സ്പൈസ് ജെറ്റ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളും ഇങ്ങനെ വിദ്യാർത്ഥികളെ നാട്ടിലേക്ക് എത്തിച്ചിരുന്നു.
Story highlights- woman from Kolkata evacuated over 800 Indian students amid Ukraine war