ഒരു ചെടിയിൽ 1,269 തക്കാളി, ലോകറെക്കോർഡ് നേടിയ കൃഷിക്കാരൻ പറയുന്നു…

മുറ്റത്തും പറമ്പിലും ടെറസിലുമൊക്കെ എളുപ്പത്തിൽ വളർത്താവുന്ന പച്ചക്കറിയാണ് തക്കാളി. ഇപ്പോഴിതാ തക്കാളി വളർത്തി ഗിന്നസ് റെക്കോർഡ് നേടിയ ഡഗ്ലസ് സ്മിത്ത് എന്നയാളാണ് സമൂഹമാധ്യമങ്ങളെ മുഴുവൻ അത്ഭുതപ്പെടുത്തുന്നത്. തക്കാളി ചെടിയിൽ അദ്ദേഹം വിളയിച്ചെടുത്തത് 1,269 തക്കാളികളാണ്. എന്നാൽ ഇത് ആദ്യമായല്ല അദ്ദേഹം തക്കാളി കൃഷി ചെയ്ത് റെക്കോർഡ് കരസ്ഥമാക്കുന്നത്. കഴിഞ്ഞ വർഷം ഒരു ചെടിയിൽ നിന്നും 839 തക്കാളികൾ വിളയിച്ച് ഡഗ്ലസ് സ്മിത്ത് ലോകറെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ തന്നെ റെക്കോർഡ് തകർത്ത് പുതിയ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഡഗ്ലസ് സ്മിത്ത്.
കഴിഞ്ഞ കുറെ വർഷങ്ങളായി ഡഗ്ലസ് സ്മിത്ത് തക്കാളി കൃഷി ചെയ്യുന്നുണ്ട്. പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു ചെടിയിൽ 488 തക്കാളി അദ്ദേഹം വളർത്തിയെടുത്തിരുന്നു. ഇതും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടിയതാണ്. ഇത്തവണ തക്കാളികളുടെ പത്ത് പെട്ടികൾ ഒരു ട്രേയിൽ വെച്ചു, ഓരോ ട്രേയിലും 100 തക്കാളികൾ വീതം ഉണ്ടായിരുന്നു. മൊത്തം 1,269 തക്കാളികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എക്കാലത്തെയും ഉയർന്ന എണ്ണമാണ് എന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം കൃഷിയിൽ വലിയ ഇഷ്ടവും കരുതലുമുള്ള വ്യക്തിയാണ് സ്മിത്ത്. കൃഷിക്കായി അദ്ദേഹം വിവിധ ശാസ്ത്രീയ പേപ്പറുകൾ പഠിക്കുകയും ചെയ്യാറുണ്ട്. കൃഷിയിറക്കുന്നതിന് മുൻപ് ലബോറട്ടറിയിൽ മണ്ണിന്റെ സാമ്പിളുകൾ പരിശോധിക്കാറുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിള ലഭിക്കുന്നത് വരെ ഫോർമുല മാറ്റിക്കൊണ്ടിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആൾ കൂടിയാണ് സ്മിത്ത്.
നേരത്തെ ഏറ്റവും ഭാരമുള്ള തക്കാളി വിളയിച്ചും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. 3.106 കിലോയുള്ള തക്കാളിയാണ് അദ്ദേഹം വിളയിച്ചത്. ഇതോടെ ഏറ്റവും ഭാരമേറിയ തക്കാളിയുടെ ദേശീയ റെക്കോർഡും സ്മിത്ത് കരസ്ഥമാക്കി.
2020-ൽ, അദ്ദേഹം 20 അടി ഉയരമുള്ള ഒരു സൂര്യകാന്തി ചെടി വളർത്തി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പുറമെ കടല, വഴുതന, ഉരുളക്കിഴങ്ങ് എന്നിവയും അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.
Story highlights: 1269 tomatoes in single plant