യുദ്ധവിരുദ്ധ ഗാനവുമായി മൂന്നുവയസുള്ള യുക്രേനിയൻ ബാലൻ- വിഡിയോ

April 28, 2022

റഷ്യ യുക്രൈനെ ആക്രമിച്ചതിന് ശേഷം വേർപിരിയലിന്റെയും നഷ്ടങ്ങളുടെയും നൂറുകണക്കിന് ഹൃദയഭേദകമായ അനുഭവങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും ശ്രദ്ധനേടുന്നത്. നെയ്തുകൂട്ടിയ സ്വപ്നങ്ങളും ജീവിതവും പാതിവഴിയിൽ ഉപേക്ഷിച്ച് പലരും നാട് വിട്ടകലുന്ന കാഴ്ചകൾ മാത്രം. പല കാരണങ്ങൾകൊണ്ടും യുദ്ധഭീതിയിലും നാടുവിട്ടുപോകാൻ സാധിക്കാത്തവർ. പ്രതീക്ഷയുടെ കണങ്ങളുമായി പ്രാർത്ഥനയോടെ എല്ലാവരും തുടരുകയാണ്.

ഇപ്പോഴിതാ, യുക്രൈയ്നിലെ ഇർപിനിൽ നിന്നുള്ള 3 വയസ്സുള്ള ഒരു ആൺകുട്ടി കീവിലെ ഒരു ചാരിറ്റി കൺസേർട്ടിൽ ഒരു ജനപ്രിയ ഗാനം ആലപിച്ച് പ്രേക്ഷകരെ ആകർഷിച്ചിരിക്കുകയാണ്. ലിയോനാർഡ് ബുഷ് എന്ന ബാലൻ ‘നോട്ട് യുവർ വാർ’ പാടാൻ കൈവ് മെട്രോ സ്റ്റേഷനുള്ളിലെ ലൈവ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

കുട്ടി ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ സദസ്സ് നിശബ്ദരായി. പലരും കണ്ണീരടക്കാൻ പ്രയാസപ്പെടുകയായിരുന്നു. യുദ്ധസമയത്ത് പ്രചാരത്തിലായ മറ്റൊരു ഗാനം ആലപിച്ചതിന് ഈ മിടുക്കൻ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് ലിയോനാർഡും കുടുംബവും യുക്രൈന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് താമസം മാറ്റി. ലിയോനാർഡ് തന്റെ ഈ പ്രകടനത്തിനായി നന്നായി പരിശീലിക്കുകയും തയ്യാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു.

Read Also:ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്

ലോകത്തിന്റെ കളങ്കം ഇതുവരെ ബാധിക്കത്തതിനാൽ കുട്ടികൾ വളരെ സത്യസന്ധതയോടെ സംസാരിക്കുന്നുവെന്ന് പലപ്പോഴും പറയാറുണ്ട്. അതുകൊണ്ടുതന്നെ യുദ്ധത്തിന്റെ കാഠിന്യവും ഏറ്റവുമധികം നൊമ്പരപ്പെടുത്തുന്നത് അവരെയാണ്. യുദ്ധം നിർത്തു എന്ന് ലോകത്തോട് അപേക്ഷിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Story highlights- 3-year-old Ukrainian boy sings anti-war anthem