ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്

April 24, 2022

വാഹനാപകടങ്ങളിൽ പരിക്കേറ്റു കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ വിമുഖത കാണിക്കാറുണ്ട് പലരും. അങ്ങനെയുള്ള അവസരങ്ങളിൽ ജീവൻ നഷ്ടമായവരും ധാരാളമാണ്. ലാഭേച്ഛയില്ലാതെ ഗുരുതരമായി പരിക്കേറ്റ കിടക്കുന്നവരെ അധുപത്രയിൽ എത്തിക്കാൻ സഹായിക്കുന്നവർക്ക് ഇപ്പോഴിതാ, ക്യാഷ് അവാർഡ് ഏർപ്പെടുത്തിയിരിക്കുകയാണ് കേരളാ പൊലീസ്.

കേരളാ പൊലീസിന്റെ കുറിപ്പ്;

ഗുരുതരമായ അപകടങ്ങളില്‍പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുക.

ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പോലീസ് വിശദവിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അവാര്‍ഡിനുള്ള അര്‍ഹത രക്ഷപ്പെടുത്തിയ ആള്‍ക്കുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ അക്കാര്യം നിശ്ചിത മാതൃകയില്‍ ജില്ലാതല അപ്രൈസല്‍ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്റ്ററെ അറിയിക്കും. ഇതിന്‍റെ ഒരു പകര്‍പ്പ് രക്ഷപ്പെടുത്തിയ ആള്‍ക്ക് നല്‍കുകയും ചെയ്യും. ജില്ലാതല അപ്രൈസല്‍ കമ്മിറ്റി ഇത്തരം ശുപാര്‍ശകള്‍ എല്ലാമാസവും പരിശോധിച്ച് അര്‍ഹമായവ ഗതാഗത കമ്മീഷണര്‍ക്ക് അയച്ചുകൊടുക്കും. അര്‍ഹരായവര്‍ക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്.

Read Also: ഒറ്റനോട്ടത്തിൽ ആവിപാറുന്ന ഫിൽട്ടർ കോഫി; ശ്രദ്ധിച്ചുനോക്കിയാൽ മറ്റൊന്ന്- അമ്പരപ്പിച്ചൊരു ചിത്രം

പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താനായി സംസ്ഥാനതല നിരീക്ഷണസമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരുന്ന സമിതി ഏറ്റവും സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനം കാഴ്ചവെച്ച മൂന്നുപേരെ ദേശീയ അവാര്‍ഡിന് പരിഗണിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യും. സംസ്ഥാനതല നിരീക്ഷണസമിതിയില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി വിഭാഗം ഐ.ജി എന്നിവര്‍ അംഗങ്ങളും ഗതാഗത കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറിയുമാണ്.

Story highlights- Police offers cash award for rescue and hospitalization of critically injured people