രോഗം തടസ്സമായില്ല, ലോകത്തിന്റെ നെറുകയിൽ എത്തിയ ഡൗൺ സിൻഡ്രോം ബാധിതനായ കുഞ്ഞ്
ഡൗൺ സിൻഡ്രോമിനെ തോൽപ്പിച്ച് ലോകത്തിന്റെ നെറുകയിൽ എത്തിയ അവ്നിഷ് തിവാരി എന്ന കുഞ്ഞാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. ജന്മനാ ഡൗൺ സിൻഡ്രോം ബാധിതനായതിനാൽ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞാണ് അവ്നിഷ്. ഇരുപത്തി രണ്ട് മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞിനെ ആദിത്യ തിവാരി എന്ന യുവാവ് ദത്തെടുത്തതും അവ്നിഷ് തിവാരി എന്ന് പേര് നൽകിയതും വാർത്തകളിൽ നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ അവ്നിഷിനെക്കുറിച്ചുള്ള വാർത്തകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ഡൗൺ സിൻഡ്രോം ബാധിതനായ അവ്നിഷ് ഇപ്പോൾ ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന എവറസ്റ്റ് കൊടുമുടി കയറിയ അവ്നിഷിന്റെ ചിത്രങ്ങൾ ആദിത്യ തിവാരിയാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുടെ 5500 മീറ്റർ ഉയരത്തിൽ ഇന്ത്യൻ പതാകയും കൈയിലേന്തി നിൽക്കുന്ന ഈ കുഞ്ഞിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ഇതോടെ രണ്ട് റെക്കോർഡുകളാണ് ഈ കുരുന്നിനെത്തേടിയെത്തിയത്. എവറസ്റ്റ് കീഴടക്കിയ ക്രോമസോം ഡിസോഡറുള്ള ആദ്യത്തെയാളും, ഏറ്റവും പ്രായം കുറഞ്ഞ ആളും അവ്നിഷ് തിവാരിയയാണ്. അതേസമയം നിരവധിപ്പേരാണ് ഈ കുഞ്ഞിന്റെ നേട്ടത്തിന് അഭിനന്ദനങ്ങളുമായി എത്തുന്നത്. ഒപ്പം ഒരുപാട് സ്നേഹവും കരുതലും കൃത്യമായ പരിചരണവും നൽകി ഈ കുഞ്ഞിന് ഇത്രയധികം നേട്ടങ്ങൾ ഉണ്ടാക്കികൊടുത്ത ഇവന്റെ പിതാവിനെ അഭിനന്ദിച്ചെത്തുന്നവരും ഒരുപാടുണ്ട്. പ്രത്യേക പരിഗണ ആവശ്യമുള്ളവർക്കും അനാഥർക്കും സമൂഹം നൽകേണ്ട പരിഗണനയെക്കുറിച്ചും സമൂഹത്തിൽ ഇവർക്ക് നൽകേണ്ട സ്ഥാനത്തെക്കുറിച്ചും ആളുകളെ ഓർമ്മിപ്പിക്കുക കൂടിയാണ് ആദിത്യ തിവാരി. ഭയം തോന്നാത്തവനല്ല ഭയത്തെ അതിജീവിക്കുന്നവനാണ് ധീരൻ എന്നാണ് ആദിത്യ തിവാരി അവ്നിഷിന്റെ ചിത്രങ്ങൾക്കൊപ്പം കുറിയ്ക്കുന്നത്.
Story highlights: 7-yr-old boy with Down Syndrome to trek Mount Everest