സൗഹൃദത്തോളിലേറി അലിഫ് കോളേജ് വരാന്തയിൽ-ഉള്ളുതൊടുന്നൊരു സൗഹൃദ കാഴ്ച

April 7, 2022

സൗഹൃദങ്ങളെ നെഞ്ചിലേറ്റാത്തവരില്ല. ഒരു പ്രായം മുതലിങ്ങോട്ട് എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഒരു സുഹൃത്തെങ്കിലും എല്ലാവർക്കും കാണും. ഏതുപ്രതിസന്ധിയിലും അവർ കൈവിടില്ല എന്നത് ഒരു വിശ്വാസമല്ല, ഉറപ്പാണ്. അങ്ങനെയൊരു സൗഹൃദനിമിഷമാണ് കേരളത്തിലെ പ്രസിദ്ധമായ ഒരു കോളേജ് അങ്കണത്തിൽ നിന്നും ശ്രദ്ധനേടുന്നത്.

കൊല്ലം ശാസ്താംകോട്ട ഡി ബി കോളേജിലെ വിദ്യാർത്ഥിയാണ് അലിഫ് മുഹമ്മദ്. ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കോളേജിൽ എത്തുന്നത്. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫിനെ തോളിലേറ്റി സഹപാഠികളായ രണ്ടുപെൺകുട്ടികൾ ക്യാമ്പസ് മുറ്റത്തുകൂടി കൊണ്ടുപോകുന്ന ചിത്രവും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുക്കുന്നത്.

ഫോട്ടോഗ്രാഫറായ ജഗത്ത് തുളസീധരൻ പകർത്തിയ ചിത്രവും പിന്നാലെ വിഡിയോയുമാണ് വളരെവേഗത്തിൽ ശ്രദ്ധേയമായത്. പിന്നാലെ ഈ സൗഹൃദകഥ ജനഹൃദയങ്ങൾ കീഴടക്കി. എന്തിനും കട്ടക്ക് കൂടെ നിൽക്കുന്ന സുഹൃത്തുക്കൾ എന്നുവേണം അലിഫിന്റെ സൗഹൃദങ്ങളെ വിശേഷിപ്പിക്കാൻ. കോളേജിലേക്ക് ബൈക്കിലും ബസിലും ഓട്ടോയിലുമൊക്കെ കയറ്റി സുഹൃത്തുക്കളാണ് കൊണ്ടുവരുന്നത്.

Read Also: “16 വയസ്സിനുള്ളിൽ എഴുതി കൂട്ടിയത് 300 കവിതകൾ..”; തന്റെ ആദ്യ കാല കവിതാ ജീവിതത്തെ പറ്റി ശ്രീകുമാരൻ തമ്പി ഒരു കോടി വേദിയിൽ

അതുപോലെ കോളേജ് മൈതാനത്തും ക്ലാസ് മുറികളിലും ഒതുങ്ങുന്നില്ല ഈ പിന്തുണ. സുഹൃത്തുക്കൾക്കൊപ്പം യാത്രകളും നടത്താറുണ്ട് അലിഫ് മുഹമ്മദ്. വീട്ടിൽ വീൽചെയർ ഉപയോഗിക്കാറുള്ള അലിഫ് കോളേജിൽ സൗഹൃദങ്ങളുടെ താങ്ങിൽ കരുത്തനാണ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് അലിഫ്. ഇപ്പോൾ വൈറലായ ചിത്രം പങ്കുവെച്ച് അലിഫ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്,’യഥാർത്ഥ ചങ്ങാതിമാർക്കൊപ്പം ഒരുമിച്ച് വെള്ളം കുടിക്കുന്നത് പോലും മധുരമാണ്’- അതുമധുരത്തോടെ ഈ സൗഹൃദ പെരുമ മലയാളികളും നെഞ്ചിലേറ്റി കഴിഞ്ഞു.

aStory highlights- alif muhammad and friends of sasthamcotta db college