“16 വയസ്സിനുള്ളിൽ എഴുതി കൂട്ടിയത് 300 കവിതകൾ..”; തന്റെ ആദ്യ കാല കവിതാ ജീവിതത്തെ പറ്റി ശ്രീകുമാരൻ തമ്പി ഒരു കോടി വേദിയിൽ

April 6, 2022

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. കേരളത്തിന്റെ കലാ-സാംസ്‌കാരിക രംഗത്തെ പല പ്രമുഖരുടെയും സാന്നിധ്യം അറിവിന്റെ വേദിയെ ധന്യമാക്കിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട കവി ശ്രീകുമാരൻ തമ്പി ഒരു കോടി വേദിയിലെത്തിയ നിമിഷം അത്തരത്തിലൊന്നായിരുന്നു.

മലയാളി പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങളായി മാറിയ പല പാട്ടുകളും രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്. 16 വയസ്സിനുള്ളിൽ താൻ 300 ഓളം കവിതകൾ എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതിൽ മിക്ക കവിതകളും 10 മുതൽ 16 വയസ്സ് വരെയുള്ള പ്രായത്തിലാണ് എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ആ സമയത്ത് താൻ എഴുതിയ കവിതകളൊക്കെ തന്റെ ഏറ്റവും മൂത്ത ജ്യേഷ്‌ഠൻ നശിപ്പിച്ചു കളഞ്ഞുവെന്നും ശ്രീകുമാരൻ തമ്പി ഓർത്തെടുക്കുന്നു. പഠിക്കാൻ മിടുക്കനായിരുന്ന തൻറെ ശ്രദ്ധ കവിതയിലേക്ക് മാറാതിരിക്കാനാണ് ജ്യേഷ്‌ഠൻ ഇങ്ങനെ ചെയ്തെതെന്നും അദ്ദേഹം പറയുന്നു. എന്നാൽ മറ്റൊരു ജ്യേഷ്ഠനിൽ നിന്നാണ് തനിക്ക് കവിതാ വാസന കിട്ടിയതെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.

Read More: താൻ വിജയിയുടെ ആരാധകൻ; ‘ബീസ്റ്റിന്റെ’ ഹിന്ദി ട്രെയ്‌ലർ പങ്കുവെച്ച് കിംഗ് ഖാൻ പറഞ്ഞ വാക്കുകൾ

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.

Story Highlights: Sreekumaran thampi about his early poems