‘ഭാവിയിൽ ജഡേജ ഇന്ത്യൻ ടീമിനെ നയിക്കും’; പ്രവചനവുമായി ചെന്നൈ താരം
തുടക്കത്തിൽ പതറിയെങ്കിലും കളി പതുക്കെ തിരിച്ചു പിടിച്ചു കൊണ്ടിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. ആദ്യ മത്സരങ്ങളിൽ തുടർച്ചയായ പരാജയങ്ങൾ നേരിട്ട ചെന്നൈ ഇപ്പോൾ രണ്ട് മത്സരങ്ങളിലെ ജയത്തോടെ 4 പോയിന്റ് നേടിയിട്ടുണ്ട്. ഈ സീസണിൽ 7 മത്സരങ്ങൾ കളിച്ച ചെന്നൈ ഇപ്പോൾ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.
ഈ സീസണിൽ ടീമിന്റെ നായക സ്ഥാനം ഏറ്റുവാങ്ങിയ രവീന്ദ്ര ജഡേജ വലിയ വിമർശനം നേരിടുകയാണിപ്പോൾ. മഹേന്ദ്ര സിങ് ധോണിയുടെ നായക മികവിനൊപ്പം എത്താൻ ജഡേജയ്ക്ക് കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ വിമർശനം. എന്നാൽ സിഎസ്കെയുടെ മുൻ നായകൻ എം എസ് ധോണിയടക്കം ടീമിലെ താരങ്ങളൊക്കെ മികച്ച പിന്തുണയാണ് ജഡേജയ്ക്ക് നൽകുന്നത്. ജഡേജയ്ക്ക് സിഎസ്കെയെ വലിയ വിജയങ്ങളിലേക്ക് നയിക്കാൻ കഴിയുമെന്ന് തന്നെയാണ് ടീമംഗങ്ങൾ അഭിപ്രായപ്പെടുന്നത്.
ഇപ്പോൾ ജഡേജയ്ക്ക് പൂർണ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ചെന്നൈയുടെ സൂപ്പർ താരം അമ്പാട്ടി റായുഡു. നായകൻ എന്ന നിലയിൽ ജഡേജ മികവ് പുലർത്തുന്നുണ്ട് എന്നാണ് റായുഡു പറയുന്നത്. ഭാവിയിൽ ജഡേജ ഇന്ത്യൻ ടീമിനെ നയിക്കുമെന്നും റായുഡു പറയുന്നു.
“ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയ്ക്ക് സഹതാരങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട്. ഭാവിയില്‍ ജഡേജ ഇന്ത്യന്‍ ടീമിനെ നയിക്കും. എം എസ് ധോണിയുടെ പിന്‍ഗാമിയാവുക എന്നതിനേക്കാള്‍ വലിയൊരു വെല്ലുവിളി രവീന്ദ്ര ജഡേജയ്ക്ക് കിട്ടാനില്ല. തുടക്കത്തില്‍ തിരിച്ചടി അല്പം നേരിട്ടെങ്കിലും ധോണിയുടെ മേല്‍നോട്ടത്തില്‍ ജഡേജ മികച്ച നായകനാവും” – റായുഡു അഭിപ്രായപ്പെട്ടു.
മഹേന്ദ്ര സിങ് ധോണിയെ പോലൊരു ഇതിഹാസ താരം ലോക ക്രിക്കറ്റിൽ ഇനി ഉണ്ടാവില്ലെന്നും അമ്പാട്ടി റായുഡു കൂട്ടിച്ചേർത്തു. കഴിഞ്ഞ മത്സരത്തിൽ ധോണിയുടെ അവസാന ഓവറുകളിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് ചെന്നൈ വിജയം നേടിയത്.
ഇന്ന് വൈകിട്ട് 7.30 ക്ക് പഞ്ചാബിനെതിരെയാണ് ചെന്നൈയുടെ എട്ടാം മത്സരം.
Story Highlights: Ambati rayudu about jadeja’s captaincy