ഐപിഎല്ലിൽ ഇതാദ്യം; മറ്റൊരു അപൂർവ റെക്കോർഡ് നേടി രവിചന്ദ്രൻ അശ്വിൻ
അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയൻറ്സിനെ 3 റണ്ണിന് തോൽപ്പിച്ചത്. അവസാന ഓവറിൽ ജയിക്കാൻ 15 റൺസായിരുന്നു ലഖ്‌നൗവിന് വേണ്ടിയിരുന്നത്. ഈ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച കുൽദീപ് സെന്നിനെയാണ് അവസാന ഓവർ എറിയാൻ നായകൻ സഞ്ജു സാംസൺ വിളിച്ചത്. ക്യാപ്റ്റന് തന്റെ മേലുള്ള വിശ്വാസം കുൽദീപ് കാത്തതോടെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ അന്തിമ വിജയം രാജസ്ഥാൻ തന്നെ നേടിയെടുക്കുകയായിരുന്നു.
ഇപ്പോൾ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ രാജസ്ഥാൻ താരം രവിചന്ദ്രൻ അശ്വിൻ നേടിയ ഒരു അപൂർവ റെക്കോർഡാണ് ആരാധകരുടെ ഇടയിൽ ചർച്ചാവിഷയമാവുന്നത്. മത്സരത്തിലെ പത്തൊൻപതാം ഓവറിലാണ് അശ്വിൻ റിട്ടയേർഡ് ഔട്ടാവുന്നത്. ഐപിഎൽ ചരിത്രത്തിൽ ഈ വിധം പുറത്താവുന്ന ആദ്യത്തെ താരമാണ് അശ്വിൻ. 23 പന്തിൽ 2 സിക്സറുകളടക്കം 28 റൺസെടുത്ത് നിൽക്കുമ്പോഴാണ് അശ്വിൻ സ്വയം പുറത്താവാൻ തീരുമാനിക്കുന്നത്. അവസാന ഓവറുകളിൽ വിചാരിച്ച പോലെ സ്കോറിങ്ങിന്റെ വേഗത കൂട്ടാൻ കഴിയാതെ വന്നപ്പോഴാണ് അശ്വിൻ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.
അശ്വിന്റെ തീരുമാനത്തിന് ടീമിന്റെ മുഴുവൻ പിന്തുണയും ഉണ്ടായിരുന്നുവെന്നാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ മത്സരശേഷം പറഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സുന്‍സമുല്‍ ഇസ്ലാമും ഇതുപോലെ ഔട്ടാകാതെ ക്രീസ് വിട്ടുപോയിട്ടുണ്ട്. എന്നാൽ ഐപിഎല്ലിൽ ആദ്യമായാണ് ഇങ്ങനെ ഒരു പുറത്താകൽ.
നേരത്തെ ആദ്യമായി ഐപിഎല്ലിൽ മങ്കാദിങ് നടത്തിയ താരവും അശ്വിനായിരുന്നു.അന്ന് പഞ്ചാബിന് വേണ്ടി കളിച്ചിരുന്ന അശ്വിൻ രാജസ്ഥാൻ താരം ജോസ് ബട്‌ലറെയാണ് മങ്കാദിങ്ങിലൂടെ പുറത്താക്കിയത്.
അതേ സമയം ഇന്നലത്തെ മത്സരത്തിൽ രാജസ്ഥാന്റെ 166 റൺസിന്റെ വിജയലക്ഷ്യം പിന്നിട്ട ലഖ്‌നൗവിന് 20 ഓവർ അവസാനിച്ചപ്പോൾ 162 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
Story Highlights: Ashwin becomes the first ipl player to be retired out