‘ശ്രീരാഗമോ തേടുന്നു നീ…’ ശ്രുതിയും താളവും തെറ്റാതെ വരികൾ മുറിയാതെ അതിഗംഭീരമായി പാടി അസം സ്വദേശി

April 6, 2022

‘ശ്രീരാഗമോ തേടുന്നു നീ…ഈ വീണതൻ പൊൻ തന്തിയിൽ…’ മലയാളികൾ എക്കാലവും കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനം, ഗാനഗന്ധർവൻ കെ ജെ യേശുദാസിന്റെ അതിഗംഭീര ശബ്ദത്തിലൂടെ മലയാളികൾ കേട്ടാസ്വദിച്ച ഗാനം, മോഹൻലാൽ നായകനായ പവിത്രം എന്ന സിനിമയിലെ ഈ ഗാനം മലയാളികൾക്ക് പ്രിയപ്പെട്ടതാവാൻ കാരണങ്ങൾ ഏറെയാണ്. പാട്ട് പ്രേമികളുടെ എക്കാലത്തെയും പ്രിയഗാനം ശ്രുതിയും താളവും തെറ്റാതെ വരികൾ മുറിയാതെ അതിഗംഭീരമായി പാടുന്ന ഒരു ഗായകനെ കഴിഞ്ഞ സോഷ്യൽ മീഡിയ പരിചയപ്പെടുത്തിയിരുന്നു.

അന്യസംസ്ഥാന തൊഴിലാളിയായ പ്രമോഷ് സാംഗ്മ എന്ന യുവാവാണ് ഈ ഗാനം ആലപിക്കുന്നത്. അസം സ്വദേശിയായ പ്രമോഷ് കേരളത്തിലെ ഒരു ഹോട്ടലിലാണ് ജോലിചെയ്യുന്നത്. എട്ട് വർഷത്തോളമായി കേരളത്തിൽ ജോലി ചെയ്യുന്ന പ്രമോഷ് സ്ഥിരമായി പാട്ടുകൾ കേൾക്കാറുണ്ട്. ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ സംഗീതം ആസ്വദിക്കുന്ന പ്രമോഷ് അതിഗംഭീരമായി മലയാളം ഗാനം പാടുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ വൈറലായത്.

Read also: ഭാര്യയെ ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിക്കുന്ന വൃദ്ധൻ, ഹൃദയഭേദകം ഈ കാഴ്ച

ചങ്ങനാശേരി സ്വദേശിയായ ഷാനവാസ് ഇസ്മയിൽ ആണ് കഴിഞ്ഞ പൊതുപണിമുടക്ക് ദിനത്തിൽ പ്രമോഷിന്റെ വിഡിയോ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മലയാളം എഴുതാനോ, വായിക്കാനോ, നന്നായി സംസാരിക്കനോ പോലും അറിയാത്ത പ്രമോഷിന്റെ ഈ പാട്ട് വിഡിയോ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിലവിൽ ചങ്ങനാശ്ശേരി സെൻട്രൽ ജങ്ക്ഷനിലെ ശരവണ ഹോട്ടലിലെ ജീവനക്കാരനാണ് പ്രമോഷ്. ശുചീകരണ തൊഴിലാളിയായി കേരളത്തിൽ എത്തിയ പ്രമോഷ് ഇന്ന് ഈ ഹോട്ടലിലെ ചൈനീസ് വിഭവങ്ങൾ തയ്യാറാക്കുന്ന പ്രധാന പാചകക്കാരിൽ ഒരാളാണ്.

Story highlights: Assamese worker singing Malayalam songs goes viral