സംഗീതവും പ്രണയവും നിറച്ച ‘അവിയലിന്റെ’ രുചിക്ക് പ്രേക്ഷകരുടെ കയ്യടി; അമ്പരപ്പിച്ച് അഭിനേതാക്കൾ

April 7, 2022

അനുഭവങ്ങളിലൂടെ വളരുന്ന മനുഷ്യരുടെ കഥകൾ എപ്പോഴും സിനിമ പ്രേക്ഷകർക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയാണ്. ഓരോ കഥയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാവുന്നത് അതിലെ കഥാപാത്രങ്ങൾ അവരോട് സംസാരിക്കുമ്പോഴാണ്. വെള്ളിത്തിരയിൽ വിരിയുന്ന കഥയിലെ മനുഷ്യരുടെ പ്രണയവും, നൈരാശ്യവും, വിജയ-പരാജയങ്ങളും, പകയും, നിസ്സഹായതയും തങ്ങളുടേത് കൂടിയാണ് എന്ന് പ്രേക്ഷകർക്ക് തോന്നുമ്പോഴാണ് ഒരു സിനിമയെയും അതിലെ കഥാപാത്രങ്ങളെയും അവർ നെഞ്ചോടേറ്റുന്നത്. അക്കാര്യത്തിൽ നൂറിൽ നൂറ് മാർക്ക് നേടിയിരിക്കുകയാണ് ‘അവിയൽ’ എന്ന മലയാള ചിത്രം.

കെട്ടുറപ്പുള്ള തിരക്കഥയും സംവിധാനവും

കണ്ണൂരെ ഒരു നാട്ടിൻപുറത്തു ജനിച്ചു വളർന്ന കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ നാല് ഘട്ടങ്ങളിലൂടെയാണ് അവിയലിന്റെ കഥ വികസിക്കുന്നത്. നാല് ഘട്ടങ്ങളിലും നാല് പ്രണയങ്ങളും കൃഷ്ണന്റെ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട്. ഓരോ പ്രണയവും നൽകുന്ന തിരിച്ചറിവുകളിലൂടെയാണ് കൃഷ്ണൻ എന്ന വ്യക്തി വളരുന്നത്. നാട്ടിൻപുറത്തെ നിഷ്കളങ്കനായ കൗമാരക്കാരനിൽ നിന്നും ജീവിതത്തിലെ പല ഉയർച്ച താഴ്‌ചകളും സ്വന്തം ജീവിതത്തിൽ നേരിടുന്ന അനുഭവസ്ഥനായ ഒരു മനുഷ്യനിലേക്ക് കൃഷ്ണൻ വളരുന്നതാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു. തന്റെ ജീവിതത്തിലേക്കെത്തിയ ഓരോ വ്യക്തിയും നൽകുന്ന പാഠങ്ങൾ ഒരു മ്യൂസിഷ്യനായ കൃഷ്ണൻ ഉൾക്കൊള്ളുന്നത് വളരെ മികവോടെയാണ് സംവിധായകൻ ഷാനിൽ മുഹമ്മദ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

കെട്ടുറപ്പുള്ളൊരു തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒരു കൃത്യമായ ഘടന പിന്തുടരാതെ കൃഷ്ണന്റെ ജീവിതത്തിലെ പ്രധാന കാലഘട്ടങ്ങളിലെ സംഭവങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്ന രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ നാടകീയമായ സംഭവങ്ങൾ ചിത്രത്തിൽ കുറവാണ്. വലിയ ഒരു അടുപ്പം പ്രേക്ഷകർക്ക് കൃഷ്ണൻ എന്ന കഥാപാത്രത്തോടും അയാൾക്ക് ചുറ്റുമുള്ളവരോടും തോന്നുന്നതിന് ഒരു പ്രധാന കാരണവും ഇതാണ്. തങ്ങളും തങ്ങൾക്ക് കൂടെയുള്ളവരും കടന്ന് പോയതോ കടന്ന് പോയിരിക്കാൻ സാധ്യത ഉണ്ടായിരുന്നതോ ആയ സന്ദർഭങ്ങളിലൂടെയാണ് കഥാപാത്രങ്ങളും കടന്ന് പോയത് എന്നൊരു അനുഭവമാണ് ചിത്രം അവസാനിക്കുമ്പോൾ പ്രേക്ഷകർക്കുണ്ടാവുന്നത്.

അമ്പരപ്പിച്ച് സിറാജുദീനും മറ്റ് അഭിനേതാക്കളും

ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം സിറാജുദീൻറെ പ്രകടനം തന്നെയാണ്. അമ്പരപ്പിക്കുന്ന പ്രകടനമാണ് നടൻ ചിത്രത്തിൽ കാഴ്‌ചവച്ചിരിക്കുന്നത്. ഒരു പുതുമുഖമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്ന് ഒരു തരത്തിലും തോന്നിപ്പിക്കാത്ത ഗംഭീര പ്രകടനമാണ് സിറാജുദീൻ കാഴ്‌ചവച്ചിരിക്കുന്നത്. കൃഷ്ണൻ എന്ന വ്യക്തിയുടെ നാല് കാലഘട്ടങ്ങൾ അവതരിപ്പിക്കാൻ വലിയ തയ്യാറെടുപ്പുകളും നടൻ എടുത്തിരുന്നു. ശാരീരികമായും മാനസികമായും കഥാപാത്രത്തിന് വേണ്ടി നടനെടുത്ത തയ്യാറെടുപ്പുകളുടെ ഫലം ഇന്ന് പ്രേക്ഷകർ തിയേറ്ററിൽ ആഘോഷിക്കുകയാണ്. അത്രത്തോളം സൂക്ഷ്മതയോടെയാണ് സിറാജുദീൻ കേന്ദ്ര കഥാപാത്രത്തിന്റെ പ്രതീക്ഷകളും, വേദനകളും, നേട്ടങ്ങളും നഷ്ടങ്ങളും ചിത്രത്തിൽ അവതരിപ്പിച്ചത്. അതോടൊപ്പം തന്നെ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളും തിയേറ്ററിൽ കയ്യടി നേടുന്നതാണ് കണ്ടത്.

പ്രതീക്ഷ തെറ്റിക്കാതെ ജോജുവും അനശ്വരയും

മലയാളികൾക്ക് ഇന്ന് വളരെ പ്രിയപ്പെട്ട താരങ്ങളാണ് ജോജു ജോർജും അനശ്വര രാജനും. വളരെ മികച്ച കുറെ കഥാപാത്രങ്ങളിലൂടെ ജോജു പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയപ്പോൾ കുറച്ച് സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അനശ്വര. ഇരുവരും അവിയലിനായി ഒരുമിച്ചപ്പോൾ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുണ്ടായിരുന്നത്. പതിവ് പോലെ പ്രേക്ഷകരുടെ പ്രതീക്ഷ അല്പം പോലും തെറ്റിക്കാതെ മികച്ച പ്രകടനം തന്നെയാണ് ഇരു താരങ്ങളും ചിത്രത്തിൽ കാഴ്‌ച വെച്ചിരിക്കുന്നത്. അച്ഛനും മകളുമായി ചിത്രത്തിലെത്തുന്ന താരങ്ങളുടെ കഥാപാത്രങ്ങൾ തമ്മിൽ നടക്കുന്ന പല സംഭാഷണങ്ങളും പ്രേക്ഷകർക്ക് ഹൃദ്യമാവുകയാണ്.

തിയേറ്ററിൽ അനുഭവിക്കേണ്ട വിരുന്ന്

സംഗീതവും അതിമനോഹരമായ ദൃശ്യങ്ങളുമായി തിയേറ്ററിൽ തന്നെ അനുഭവിക്കേണ്ട ഒരു മികച്ച വിരുന്നാണ് ‘അവിയൽ’ എന്ന ചിത്രം പ്രേക്ഷകർക്കായി തിയേറ്ററിൽ ഒരുക്കിയിരിക്കുന്നത് . വലിയ സിനിമകളുടെ ബഹളങ്ങൾക്കിടയിൽ വന്ന ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ പ്രേക്ഷകരിലേക്കെത്തും എന്ന കാര്യത്തിൽ തർക്കമില്ല. കണ്ട പ്രേക്ഷകർ തന്നെ വീണ്ടും ചിത്രം കാണാനെത്തുമെന്നതാണ് ‘അവിയലിന്റെ’ ഏറ്റവും വലിയ പ്രത്യേകത.

പോക്കറ്റ് SQ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിച്ച് ഷാനിൽ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അവിയൽ.’ സിറാജുദീനും ജോജു ജോർജിനും അനശ്വര രാജനുമൊപ്പം കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ തുടങ്ങി നാല് പേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Read More: എല്ലാ രാധമാർക്കും ഉണ്ടാകും കൃഷ്ണനേക്കാൾ വേദനിക്കുന്ന ഒരു കഥ പറയാൻ; ഏറെ സസ്പെൻസ് നിറച്ച് അവിയൽ ട്രെയ്‌ലർ

കണ്ണൂർ, ഗോവ, കൊടൈക്കനാൽ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Story Highlights: Aviyal gets good theatre response from audience