ബീസ്റ്റിലെ ചെന്നൈ ഈസ്റ്റ് കോസ്റ്റ് മാൾ ഒരുക്കിയതിന് പിന്നിൽ; ശ്രദ്ധനേടി മേക്കിങ് വിഡിയോ

April 20, 2022

വിജയ് നായകനായി എത്തിയ ചിത്രം ബീസ്റ്റ് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ്. ഇതിനിടെയിൽ ഏറെ ശ്രദ്ധനേടുകയാണ് ലക്ഷങ്ങൾ ചിലവഴിച്ച് സിനിമയ്ക്ക് വേണ്ടി ഒരുക്കിയ സെറ്റിനെക്കുറിച്ചുള്ള വിശേഷങ്ങൾ. ചിത്രത്തിന്റെ മേക്കിങ് വിഡിയോ പ്രോമോ പങ്കുവെച്ചുകൊണ്ടാണ് സെറ്റിനെക്കുറിച്ച് അണിയറപ്രവർത്തകർ പറയുന്നത്. സിനിമയുടെ പശ്ചാത്തലമാകുന്നത് ചെന്നൈ ഈസ്റ്റ് കോസ്റ്റ് മാൾ ആണ്. ഇത് പൂർണമായും സെറ്റ് ഇട്ടതാണ്. അഭിനേതാവ് കൂടിയായ ഡി ആർ കെ കിരൺ ആണ് സിനിമയുടെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.

തിയേറ്ററുകളിൽ ആവേശമായ ഡോക്ടറിന് ശേഷം നെൽസൺ സംവിധാനം ചെയ്ത ചിത്രമാണ് ബീസ്റ്റ്. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് ബീസ്റ്റിലെ വിജയിയുടെ കഥാപാത്രം. വിജയ് നായകനായ ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ്. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മാണം. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read also: കോടികൾ വാഗ്ദാനം ചെയ്തിട്ടും പരസ്യചിത്രത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ- കൈയടിച്ച് ആരാധകർ

ചിത്രത്തിലെ അറബിക് കുത്തു സോങ് പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ആസ്വാദകമനം കവർന്നിരുന്നു, തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡും ഈ ഗാനം സ്വന്തമാക്കിയിരുന്നു. പിന്നീട് ചിത്രത്തിലേതായി പുറത്തുവന്ന രണ്ടാമത്തെ ഗാനവും ആരാധകർ നെഞ്ചേറ്റി. അനിരുദ്ധിന്റെ സം​ഗീതത്തിൽ വിജയ് പാടിയ ​ഗാനമാണിത്. എന്നാൽ വിഷു റിലീസായി ഏപ്രിൽ 13 ന് എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം പ്രതീക്ഷയ്ക്ക് ഒപ്പം ഉയർന്നിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം തമിഴ്‌നാട്ടിലും കേരളത്തിലുമടക്കം ഇപ്പോഴും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ് ബീസ്റ്റ്.

Story highlights: Beast Making video