ജിങ്കൻറെ 21-ാം നമ്പര്‍ ജേഴ്‌സി ഇനി മുതൽ ബിജോയ് അണിയും; ആരാധകരുടെ ആഗ്രഹം നിറവേറ്റി കേരള ബ്ലാസ്റ്റേഴ്‌സ്
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറെ നാളുകളായുള്ള ആഗ്രഹമായിരുന്നു 21-ാം നമ്പര്‍ ജേഴ്‌സി ടീമിൽ തിരികെ കൊണ്ട് വരണമെന്നത്. സന്ദേശ് ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് ടീം വിട്ടതിന് ശേഷം ജേഴ്‌സി നമ്പർ ആരും ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. ഇപ്പോൾ ബ്ലാസ്റ്റേഴ്സിലെ ഒരു താരം 21-ാം നമ്പര്‍ ജേഴ്‌സി സ്വന്തമാക്കിയിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്സിന്റെ സെൻറർ ബാക്ക് ആയ ബിജോയ് വർഗീസാണ് ഇനി മുതൽ ടീമിൽ 21-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങുന്നത്. ബിജോയിയുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിരുന്നു. ഇതിന് ശേഷമാണ് ആരാധകരുടെ നാളുകളായുള്ള ആഗ്രഹം ബ്ലാസ്റ്റേഴ്‌സ് സഫലീകരിച്ചത്. ബിജോയ് ഇനി മുതൽ 21-ാം നമ്പര്‍ ജേഴ്‌സിയണിയും എന്നാണ് ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
2025 വരെയാണ് ബ്ലാസ്റ്റേഴ്‌സ് ബിജോയ് വർഗീസുമായി കരാർ പുതുക്കിയിരിക്കുന്നത്. കോവളം എഫ് സിയിൽ കളിക്കുമ്പോഴാണ് ബിജോയ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. 2018 ലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയ കേരള ടീമിലെ താരമായിരുന്നു ബിജോയ്. അന്ന് ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരവും ബിജോയ് നേടിയിരുന്നു.
അതേ സമയം വമ്പൻ ഫോമിലായിരുന്നു ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ്. തുടക്കത്തിൽ ചെറുതായൊന്ന് പതറിയെങ്കിലും പിന്നീടങ്ങോട്ട് ബ്ലാസ്റ്റേഴ്സിന്റെ തേരോട്ടമായിരുന്നു സീസണിലുടനീളം. സെമിയിൽ ജംഷഡ്‌പൂരിനെ തകർത്തെറിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഫൈനലിലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിൽ തട്ടി വീഴുകയായിരുന്നു കേരളത്തിന്റെ മഞ്ഞപ്പട.
Read More: ഒന്നാം സ്ഥാനക്കാരാവാൻ സഞ്ജുവിന്റെ രാജസ്ഥാൻ; എതിരാളികൾ ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്
അടുത്ത സീസണിനായി ഇപ്പോഴേ മികച്ച ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രീ സീസൺ രണ്ടാം ഘട്ട ക്യാമ്പിന് ബ്ലാസ്റ്റേഴ്‌സ് യൂറോപ്യൻ രാജ്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് സൂചനയുണ്ട്.
Story Highlights: Bijoy varghese to wear jhingan’s 21 number jersey