ബുർജ് ഖലീഫയിലും സേതുരാമയ്യർ; സിബിഐ-5 വരുന്നു

April 28, 2022

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5- ദ ബ്രെയ്ൻ. മമ്മൂട്ടി സേതുരാമയ്യരായി എത്തുന്ന ചിത്രത്തെ കാത്തിരിക്കാൻ കാരണങ്ങളും ഏറെയാണ്. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. മമ്മൂട്ടി- സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ തുടങ്ങിയ കൂട്ടുകെട്ട് അഞ്ചാം തവണയും ഒന്നിക്കുമ്പോൾ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

ഇപ്പോഴിതാ ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ. റിലീസിന് മുന്നോടിയായി ബുർജ് ഖലീഫയിൽ പ്രമോ ട്രെയിലർ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 29നാണ് ചിത്രത്തിന്റെ പ്രമോ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുക. ചിത്രം മെയ് ഒന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. തിയേറ്റർ റിലീസ് ആയിരിക്കും ചിത്രമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

മമ്മൂട്ടി ചിത്രങ്ങൾക്കായി കാത്തിരിക്കാറുള്ള ആരാധകർ ഇരട്ടി ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സേതുരാമയ്യർ അഞ്ചാം ഭാഗം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഴയകാല സേതുരാമയ്യരുടെ അതേ ലുക്കിലാണ് താരം ഇവിടെയും പ്രത്യക്ഷപ്പെടുന്നത്. സിബിഐ സീരീസിലെ ആദ്യ ചിത്രം ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ 1988 ലാണ് പുറത്തിറങ്ങിയത്. സിനിമയുടെ അഞ്ചാം ഭാഗമായ ‘സിബിഐ 5 ദ ബ്രെയ്ൻ’ 2022 ലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. എന്നാൽ ഇക്കാലത്തിനിടയ്ക്ക് രൂപത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാത്ത മമ്മൂട്ടിയെക്കണ്ട് ആത്ഭുതപ്പെടുകയാണ് അദ്ദേഹത്തിന്റെ സിനിമ ആരാധകർ.

മലയാളികൾക്കിടയിൽ മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾക്ക് എന്നും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ ഹിറ്റായ ഒരു സിനിമ പരമ്പരതന്നെയാണ് സിബിഐ.

Read also: ഭിക്ഷാടനം നടത്തി സ്വരൂപിച്ച ഒരു ലക്ഷം രൂപ, ക്ഷേത്രത്തിൽ അന്നദാനം നടത്താൻ നൽകി ഒരമ്മ- പ്രചോദനം

ചിത്രത്തിൽ കഴിഞ്ഞ ഭാഗങ്ങളിലൊക്കെ വിക്രം എന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ജഗതി ശ്രീകുമാർ ആയിരുന്നു. എന്നാൽ വാഹനാപകടത്തെത്തുടർന്ന് സിനിമ മേഖലയിൽ നിന്നും വർഷങ്ങളായി വിട്ടുനിൽക്കുന്ന താരം ഈ ചിത്രത്തിലൂടെ തിരിച്ചുവരുകയാണ് എന്നതും ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്നുണ്ട്. ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. കനിഹ, രമേശ് പിഷാരടി, മുകേഷ് തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Story highlights: CBI 5: The Brain’ trailer played on burj khalif