ഭിക്ഷാടനം നടത്തി സ്വരൂപിച്ച ഒരു ലക്ഷം രൂപ, ക്ഷേത്രത്തിൽ അന്നദാനം നടത്താൻ നൽകി ഒരമ്മ- പ്രചോദനം

April 27, 2022

ഉള്ളതിൽ നിന്നും ഇല്ലാത്തവന് കൊടുക്കുന്ന നിരവധിപ്പേരെ നമുക്ക് പരിചിതമാണ്. എന്നാൽ സോഷ്യൽ ഇടങ്ങളുടെ കൈടയിനേടുകയാണ് അത്തരത്തിൽ തന്റെ ഇല്ലായ്മയിൽ നിന്നും മറ്റുള്ളവർക്ക് നൽകുന്ന ഒരു ‘അമ്മ. സ്വന്തം സമ്പാദ്യത്തിൽ നിന്നും ഒരു ലക്ഷം രൂപ ക്ഷേത്രത്തിൽ അന്നദാനം നടത്താൻ നൽകിയാണ് ഈ അമ്മ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം ഈ ‘അമ്മ ഇത്രയധികം ശ്രദ്ധനേടിയതിന് പിന്നിൽ വേറെയുമുണ്ട് ചില കാരണങ്ങൾ. ഭിക്ഷാടനം നടത്തി സമ്പാദിച്ച പണത്തിൽ നിന്നുമാണ് ഇത്രയധികം രൂപ ക്ഷേത്ര ഭാരവാഹികൾക്ക് ഇവർ നൽകിയത്.

കർണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ക്ഷേത്രങ്ങളുടെ പ്രവേശന കവാടത്തിൽ ഭിക്ഷ തേടിയെത്താറുള്ളതാണ് എൺപതുകാരിയായ അശ്വതമ്മ. ഭർത്താവിന്റെ മരണശേഷം ഭിക്ഷാടനത്തിനിറങ്ങിയ ഈ ‘അമ്മ വിവിധ ക്ഷേത്രങ്ങളിൽ ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നത്. ഭിക്ഷ യാചിച്ച് കിട്ടുന്നതിൽ വളരെ ചെറിയ പങ്ക് ഇവർ തന്റെ ചെലവുകൾക്കായി ഉപയോ​ഗിക്കും. ബാക്കി പണം ബാങ്കിൽ നിക്ഷേപിക്കുകയും അതിൽ നിന്നും കാരുണ്യപ്രവർത്തനങ്ങൾക്കും ക്ഷേത്രങ്ങൾക്കും സംഭാവനകൾ നൽകുകയും ചെയ്തുവരികയാണ് ഈ ‘അമ്മ.

Read also: ഓടുന്ന ട്രെയിനിൽ നിന്നും യുവതി പുറത്തേക്ക്; സമയോചിത ഇടപെടലിലൂടെ ജീവൻ രക്ഷിച്ച് ഗാർഡ്, വൈറൽ വിഡിയോ

തനിക്ക് സമൂഹത്തിൽ നിന്നുമാണ് പണം ലഭിക്കുന്നത്. ആ പണം തിരികെ ജനങ്ങൾക്ക് തന്നെ നൽകുകയാണ്. ആരും പട്ടിണി കിടക്കാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് അശ്വതമ്മ പറയുന്നത്. അവർ ശബരിമല ക്ഷേത്രത്തിലും കർണാടകയിലെ മറ്റ് ക്ഷേത്രങ്ങളിലും അന്നദാനം നേരത്തേയും നടത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ അനാഥാലയങ്ങൾക്ക് അവർ ഉദാരമായി സംഭാവന നൽകിയതും വാർത്തകളിൽ നേരത്തെ ഇടം നേടിയതാണ്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധനേടിയ ഈ അമ്മയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയവരും നിരവധിയാണ്.

Story highlights: 80-year-old woman who collects alms donates Rs 1 lakh to temple goes viral