ഓടുന്ന ട്രെയിനിൽ നിന്നും യുവതി പുറത്തേക്ക്; സമയോചിത ഇടപെടലിലൂടെ ജീവൻ രക്ഷിച്ച് ഗാർഡ്, വൈറൽ വിഡിയോ

April 27, 2022

ചെറിയ അശ്രദ്ധ മതി ചിലപ്പോൾ വലിയ അപകടങ്ങൾക്ക് കരണമാകാൻ. എന്നാൽ ചിലരുടെ അത്ഭുതകരമായ ഇടപെടൽ പല വലിയ അപകടങ്ങളിൽ നിന്നും പലരെയും രക്ഷപെടുത്തിയേക്കാം. ഇപ്പോഴിതാ അത്തരത്തിൽ ഒരു അത്ഭുത രക്ഷപെടുത്തലിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഓടുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് വഴുതിവീണ യുവതിയെ സമയോചിത ഇടപെടൽ മൂലം രക്ഷിക്കുന്ന ഹോം ഗാർഡിന്റെ ഇടപെടലിന് നിറഞ്ഞു കൈയടിക്കുകയാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ. യുവതി ട്രെയിനിൽ നിന്ന് വീഴുന്നത് കണ്ടതിന് പിന്നാലെ താഴേക്ക് ചാടിയിറങ്ങിയ ഗാർഡ് യുവതിയെ ഞൊടിയിടയിൽ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവത്തിന്റെ വിഡിയോ സോഷ്യൽ ഇടങ്ങളിൽ വൈറലായതോടെ മികച്ച പ്രതികരണങ്ങളാണ് ഹോം ഗാർഡിന്റെ സമയോചിത ഇടപെടലിന് ലഭിക്കുന്നത്. മുംബൈയിലെ ജോഗേശ്വരി റെയില്‍വേ സ്‌റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഓടിത്തുടങ്ങിയ ട്രെയ്നിൽ നിന്നും പ്ലാറ്റ്ഫോമിലേക്കാണ് യുവതി വീണത്. എന്നാൽ വീഴ്ച്ചയിൽ യുവതിയുടെ ബാലൻസ് പോയതോടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള പാളത്തിലേക്കാണ് യുവതി വീഴാൻ തുടങ്ങിയത്. അതേസമയം ട്രെയിനിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് യുവതിയെ രക്ഷിക്കുന്നതിനായി പ്ലാറ്റ്‌ഫോമിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഗാർഡ് ഒരു നിമിഷം വൈകിയിരുന്നെങ്കിൽ യുവതിയുടെ ജീവൻ തന്നെ നഷ്ടമായേനെ.

Read also: കോലോത്തുനാട്ടിലെ ബാലതമ്പുരാട്ടിയായി മിയക്കുട്ടി; ക്യൂട്ട് വിഡിയോ

ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ അധികം വൈകാതെ തന്നെ പുറത്തുവന്നു. തുടര്‍ന്ന്, മുംബൈ റെയില്‍വേ പൊലീസ് കമ്മീഷണര്‍ അല്‍താഫ് ശൈഖ് എന്ന ഹോംഗാര്‍ഡിന്റെ കൃത്യസമയത്തുള്ള ഇടപെടലും ജാഗ്രതയുമാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചതെന്ന് പ്രസ്താവന ഇറക്കി. സമയോചിതമായ ഇടപെടലിന്റെ പേരില്‍ ഹോംഗാര്‍ഡായ അല്‍താഫിന് പ്രത്യേക പാരിതോഷികം നല്‍കിയതായും പൊലീസ് അറിയിച്ചു.

Story highlights: Viral video of Railway guard saves woman’s life