ഉമ്രാൻ മാലിക്ക് എന്ന കൊടുങ്കാറ്റ്; പ്രശംസ കൊണ്ട് മൂടി ക്രിക്കറ്റ് ആരാധകർ..
ഒറ്റ മത്സരം കൊണ്ട് ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഉമ്രാൻ മാലിക്ക് എന്ന പേസ് ബൗളർ. കൊടുങ്കാറ്റ് പോലെയാണ് ഗുജറാത്തിനെതിരെയുള്ള ഇന്നലത്തെ മത്സരത്തിൽ ഉമ്രാൻ വീശിയടിച്ചത്. 5 വിലപ്പെട്ട ഗുജറാത്ത് ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റുകളാണ് ഉമ്രാൻ ഇന്നലെ പിഴുതത്. ഇതിൽ നാല് വിക്കറ്റുകളും ക്ലീൻ ബൗൾഡ് ആയിരുന്നു.
ഇപ്പോൾ ലോകം മുഴുവനുള്ള കളിപ്രേമികൾ ഉമ്രാനെ പ്രശംസ കൊണ്ട് മൂടുകയാണ്. ലോക ക്രിക്കറ്റിലെ അടുത്ത താരോദയമാണ് ഉമ്രാൻ എന്നാണ് പല പ്രമുഖരും അഭിപ്രായപ്പെടുന്നത്. ഗുജറാത്തിന്റെ സൂപ്പർ താരങ്ങളായ ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, അഭിനവ് മനോഹര്‍ എന്നിവരുടെ സ്റ്റമ്പ് തെറിപ്പിച്ച ജമ്മുവിൽ നിന്നുള്ള ഈ താരത്തെ എത്രയും പെട്ടെന്ന് ഇന്ത്യൻ ദേശീയ ടീമിലെടുക്കണമെന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്.
ഉമ്രാനെ പ്രശംസിച്ചവരുടെ കൂട്ടത്തിൽ ഹർഭജൻ സിങ്ങും, വസീം ജാഫറും, സഹതാരമായ വാഷിംഗ്‌ടൺ സുന്ദറും, ഹർഷ ഭോഗ്ലെയും അടക്കമുള്ളവരും ഒപ്പം മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരം, കോൺഗ്രസ്സ് നേതാവ് ശശി തരൂർ അടക്കമുള്ളവരും ഉണ്ട്.
അതേ സമയം ഉമ്രാൻ മാലിക്കിന്റെ തീ പാറുന്ന പന്തുകൾക്കും ഗുജറാത്തിനെ ഇന്നലെ തടയാൻ കഴിഞ്ഞില്ല. ഒരു ഘട്ടത്തിൽ ഉമ്രാൻ മാലിക്ക് എന്ന കൊടുങ്കാറ്റിന് മുൻപിൽ ഗുജറാത്ത് മുട്ട് കുത്തി എന്ന് കരുതിയതാണ്. ഇനി ചെയ്യാനൊന്നും ബാക്കിയില്ല എന്ന് കരുതിയിരുന്നിടത്ത് നിന്ന് രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും ഗുജറാത്ത് ടൈറ്റൻസിന് നേടി കൊടുത്തത് അവിശ്വസനീയമായ വിജയമാണ്. ആവേശം അവസാന പന്ത് വരെ നീണ്ട് നിന്ന മത്സരത്തിൽ 196 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഗുജറാത്ത് മറികടന്നത്.
Read More: ഉമ്രാൻ മാലിക്കിനും തടയാൻ കഴിഞ്ഞില്ല; സൺറൈസേഴ്സിനെതിരെ അവിശ്വസനീയ വിജയം നേടി ഗുജറാത്ത് ടൈറ്റൻസ്
അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 22 റൺസ് വേണമായിരുന്നു. 4 സിക്‌സറുകൾ പറത്തിയാണ് രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും മാർക്കോ ജാൻസെനെന്ന ലോകോത്തര ബൗളറെ തകർത്ത് ഗുജറാത്തിന് വിജയം നേടി കൊടുത്തത്. ജയത്തോടെ ഗുജറാത്ത് വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ്.
Story Highlights: Cricket fans praise umran malik