ഉത്തപ്പ-ദുബെ വെടിക്കെട്ട്; ആർസിബിക്കെതിരെ കൂറ്റൻ സ്‌കോർ നേടി ചെന്നൈ

April 12, 2022

റോബിൻ ഉത്തപ്പയുടെയും ശിവം ദുബെയുടെയും അതിഗംഭീരം എന്ന് വിശേഷിപ്പിക്കേണ്ട ബാറ്റിംഗ് പ്രകടനത്തിലൂടെ ആർസിബിക്കെതിരെ കൂറ്റൻ സ്‌കോർ നേടിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഇരുവരും 165 റൺസാണ് ചെന്നൈക്ക് വേണ്ടി അടിച്ചു കൂട്ടിയത്. ഈ സീസണിലെ ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡാണ് ഇതോടെ ഇരുവരും ചേർന്ന് സ്വന്തമാക്കിയത്.

ആർസിബിക്കെതിരെ 4 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് ചെന്നൈ അടിച്ചു കൂട്ടിയിരിക്കുന്നത്. മികച്ച സ്‌കോർ കണ്ടെത്തിയതിലൂടെ ഗംഭീര തിരിച്ചു വരവാണ് ചെന്നൈ നടത്തിയിരിക്കുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബി 8 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 62 റൺസാണ് നേടിയിരിക്കുന്നത്.

ഏഴാം ഓവറിൽ മൊയീൻ അലി പുറത്തായതോടെയാണ് ഉത്തപ്പയും ദുബേയും ക്രീസിൽ ഒരുമിക്കുന്നത്. 50 പന്തില്‍ നാല് ഫോറും ഒന്‍പത് സിക്‌സും സഹിതം 88 റണ്‍സെടുത്ത റോബിൻ ഉത്തപ്പയും 46 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സറും സഹിതം പുറത്താകാതെ 95 റൺസെടുത്ത ശിവം ദുബൈയും കൂടി ആർസിബി ബൗളർമാർക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. ചെന്നൈക്കായി ഋതുരാജ് ഗെയ്‌ക്‌വാദ് 17 റൺസും മൊയീന്‍ അലി മൂന്ന് റണ്‍സും എടുത്തപ്പോൾ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ പൂജ്യത്തിന് പുറത്തായി.

ആർസിബിക്കായി ഹസരങ്ക 2 വിക്കറ്റെടുത്തപ്പോൾ ഹേസല്‍വുഡ് ഒരു വിക്കറ്റ് പിഴുതു. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ആർസിബി ബൗളർമാരുടെ കണക്ക് തെറ്റിയത് ഉത്തപ്പയും ദുബെയും ചേർന്ന് പടുത്തുയർത്തിയ കൂട്ടുകെട്ടിലാണ്.

Read More: ‘ക്രിക്കറ്റ് പോലെ ധോണിക്ക് പ്രിയപ്പെട്ടതാണ് ആ കായികയിനം, അതിൽ നിന്ന് അയാളെ വേർപ്പെടുത്തുക അസാധ്യം’; വെളിപ്പെടുത്തി മുൻ പരിശീലകൻ രവി ശാസ്ത്രി

സീസണിലെ ആദ്യ ജയം തേടിയാണ് ചെന്നൈ ഇന്നിറങ്ങിയിരിക്കുന്നത്. ഐപിഎല്ലിൽ ആദ്യമായാണ് സീസണിലെ ആദ്യ 4 മത്സരങ്ങളിൽ ചെന്നൈ തുടർച്ചയായി തോൽവി അറിയുന്നത്. തുടർച്ചയായ 4 മത്സരങ്ങളിൽ ചെന്നൈ പരാജയപ്പെടുന്നതും 2010 ന് ശേഷം ഇതാദ്യമായാണ്. ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും രവീന്ദ്ര ജഡേജയുടെ ചെന്നൈ ലക്ഷ്യം വയ്ക്കുന്നില്ല.

Story Highlights: CSK gets huge score against rcb