മുൻ നായകന്മാർ നേർക്കുനേർ; ചെന്നൈ-ആർസിബി മത്സരം ഇന്ന് രാത്രി 7.30 ക്ക്
മുൻ ഇന്ത്യൻ നായകന്മാരായ ധോണിയും വിരാട് കോലിയും ഇന്ന് ഏറ്റുമുട്ടുകയാണ്. ദീർഘകാലം ചെന്നൈയുടെയും ആർസിബിയുടെയും നായകന്മാർ കൂടിയായിരുന്ന ഇരു താരങ്ങളും ഇന്ന് പക്ഷെ ഐപിഎൽ ചരിത്രത്തിലാദ്യമായി നായകന്മാരുടെ സമ്മർദ്ദങ്ങളില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്. രാത്രി 7.30 ക്ക് മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
സീസണിലെ ആദ്യ ജയം തേടിയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ഐപിഎല്ലിൽ ആദ്യമായാണ് സീസണിലെ ആദ്യ 4 മത്സരങ്ങളിൽ ചെന്നൈ തുടർച്ചയായി തോൽവി അറിയുന്നത്. തുടർച്ചയായ 4 മത്സരങ്ങളിൽ ചെന്നൈ പരാജയപ്പെടുന്നതും 2010 ന് ശേഷം ഇതാദ്യമായാണ്. ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും രവീന്ദ്ര ജഡേജയുടെ ചെന്നൈ ലക്ഷ്യം വയ്ക്കുന്നില്ല.
ഫാഫ് ഡുപ്ലെസിയുടെ അഭാവം ചെന്നൈ ടീമിനെ നന്നായി ബാധിച്ചിട്ടുണ്ട്. ഋതുരാജ് ഗെയ്ക്‌വാദിന്റെ ഫോമില്ലായ്മയും മോയീന്‍ അലിയും റോബിന്‍ ഉത്തപ്പയും അമ്പാട്ടി റായുഡുവും പഴയ ഫോമിലേക്ക് ഉയരാത്തതും വലിയ തലവേദനയാണ് ചെന്നൈക്ക് സൃഷ്ടിക്കുന്നത്. ഡ്വെയ്ന്‍ ബ്രാവോ, നായകൻ രവീന്ദ്ര ജഡേജ, ശിവം ദുബേ എന്നിവരുടെ പ്രകടനത്തെയാണ് ചെന്നൈ ആശ്രയിക്കുന്നത്.
അതേ സമയം മികച്ച ഫോമിലാണ് ആർസിബി. ശക്തമായ ബാറ്റിംഗ് നിര തന്നെയാണ് ടീമിന്റെ പ്രത്യേകത. കഴിഞ്ഞ സീസണുകളിൽ ചെന്നൈക്കായി തകർത്തടിച്ച ഫാഫ് ഡുപ്ലെസിയാണ് ഇപ്പോൾ ആർസിബിയുടെ ക്യാപ്റ്റൻ. മധ്യനിരയിൽ വിരാട് കോലിക്ക് ശക്തമായ പിന്തുണയാണ് ദിനേശ് കാർത്തിക്കും ഗ്ലെൻ മാക്‌സ്‌വെല്ലും നൽകുന്നത്.
Read More: ഐപിഎല്ലിൽ ഇതാദ്യം; മറ്റൊരു അപൂർവ റെക്കോർഡ് നേടി രവിചന്ദ്രൻ അശ്വിൻ
ഐപിഎല്ലിൽ ഇരു ടീമുകളും 28 തവണ ഏറ്റുമുട്ടിയപ്പോൾ 18 തവണ ചെന്നൈ വിജയിച്ചപ്പോൾ 9 തവണ ജയം ആർസിബിക്കൊപ്പം നിന്നു. കഴിഞ്ഞ തവണ ഇരുവരും ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും വിജയം ചെന്നൈക്കൊപ്പം നിന്നു.
Story Highlights: Csk vs rcb ipl match