ഡൽഹിക്ക് 44 റൺസിന്റെ മിന്നും ജയം; കൊൽക്കത്തയെ തകർത്തത് കുൽദീപും ഖലീലും
പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കൊൽക്കത്തയെ തന്നെ എറിഞ്ഞിട്ടിരിക്കുകയാണ് ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 44 റൺസിനാണ് ഡൽഹി വിജയിച്ചത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടിയപ്പോൾ കൊൽക്കത്ത 19.4 ഓവറിൽ 171 ന് എല്ലാവരും ഓൾ ഔട്ട് ആവുകയായിരുന്നു. 4 വിക്കറ്റ് നേടിയ കുൽദീപ് യാദവും 3 വിക്കറ്റെടുത്ത ഖലീൽ അഹമ്മദുമാണ് കൊൽക്കത്തയുടെ ബാറ്റിംഗ് നിരയെ തകർത്തത്.
33 പന്തിൽ നിന്ന് 54 റൺസെടുത്ത നായകൻ ശ്രേയസ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. 30 റൺസെടുത്ത നിതീഷ് റാണയും 24 റൺസെടുത്ത ആന്ദ്രേ റസ്സലും മികച്ച കളി പുറത്തെടുത്തെങ്കിലും കൊൽക്കത്തയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
നേരത്തെ കൊൽക്കത്ത ബൗളർമാരെ നിലം പരിശാക്കിയാണ് ഋഷഭ് പന്തിന്റെ ഡൽഹി താരങ്ങൾ കൂറ്റൻ സ്കോർ ടീമിനായി നേടിയത്.45 പന്തിൽ 65 റൺസെടുത്ത ഡേവിഡ് വാർണറുടെയും 29 പന്തിൽ 51 റൺസെടുത്ത പൃഥ്‌വി ഷായുടെയും ബാറ്റിംഗ് കരുത്തിലാണ് ഡൽഹി ക്യാപിറ്റൽസ് 5 വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തത്.
ഗംഭീര തുടക്കമാണ് ഡൽഹിക്ക് ഓപ്പണിങ് സഖ്യം നൽകിയത്. വാർണർ-പൃഥ്‌വി സഖ്യം ആദ്യ വിക്കറ്റിൽ 84 റൺസാണ് അടിച്ചു കൂട്ടിയത്. ഒൻപതാം ഓവറിൽ വരുൺ ചക്രവർത്തിയുടെ ബോളിൽ പൃഥ്‌വി ഷാ ഔട്ട് ആവുന്നത് വരെ ഈ സഖ്യം വലിയ തലവേദനയാണ് കൊൽക്കത്തയ്ക്ക് നൽകിയത്. 14 പന്തിൽ നിന്ന് 27 റൺസെടുത്ത നായകൻ ഋഷഭ് പന്തും ആറാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന അക്‌സർ പട്ടേലും ഷാര്‍ദുല്‍ ഠാക്കൂറും ഡൽഹിക്ക് മികച്ച സ്‌കോർ സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അക്‌സർ പട്ടേൽ 22 റൺസും ഷാര്‍ദുല്‍ ഠാക്കൂർ 29 റൺസും ഡൽഹിക്കായി അടിച്ചുകൂട്ടി.
കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊൽക്കത്ത ഇന്നിറങ്ങിയത്. എന്നാൽ ഡൽഹി ടീമിൽ ഒരു മാറ്റമുണ്ടായിരുന്നു. ആന്റിച്ച് നോര്‍ക്യക്ക് പകരം ഖലീല്‍ അഹമ്മദ് ഡൽഹിയുടെ പ്ലേയിംഗ് ഇലവനിലെത്തി. ടീമിന്റെ വിജയത്തിൽ നിർണായകമായ ഒരു മാറ്റമായി അത് മാറുകയായിരുന്നു.
Story Highlights: Delhi capitals wins by 44 runs