കൂറ്റൻ സ്‌കോറിൽ ഡൽഹി; തകർത്തടിച്ച് ഡേവിഡ് വാർണറും പൃഥ്‌വി ഷായും
ടോസ് നേടി ഡൽഹിയെ ബാറ്റിങിനയച്ച തീരുമാനം ഇപ്പോൾ പുനഃപരിശോധിക്കുന്നുണ്ടാവും കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ. കൊൽക്കത്ത ബൗളർമാരെ നിലം പരിശാക്കിയാണ് ഋഷഭ് പന്തിന്റെ ഡൽഹി താരങ്ങൾ കൂറ്റൻ സ്കോർ ടീമിനായി നേടിയത്.45 പന്തിൽ 65 റൺസെടുത്ത ഡേവിഡ് വാർണറുടെയും 29 പന്തിൽ 51 റൺസെടുത്ത പൃഥ്‌വി ഷായുടെയും ബാറ്റിംഗ് കരുത്തിലാണ് ഡൽഹി ക്യാപിറ്റൽസ് 5 വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തത്.
ഗംഭീര തുടക്കമാണ് ഡൽഹിക്ക് ഓപ്പണിങ് സഖ്യം നൽകിയത്. വാർണർ-പൃഥ്‌വി സഖ്യം ആദ്യ വിക്കറ്റിൽ 84 റൺസാണ് അടിച്ചു കൂട്ടിയത്. ഒൻപതാം ഓവറിൽ വരുൺ ചക്രവർത്തിയുടെ ബോളിൽ പൃഥ്‌വി ഷാ ഔട്ട് ആവുന്നത് വരെ ഈ സഖ്യം വലിയ തലവേദനയാണ് കൊൽക്കത്തയ്ക്ക് നൽകിയത്. 14 പന്തിൽ നിന്ന് 27 റൺസെടുത്ത നായകൻ ഋഷഭ് പന്തും ആറാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന അക്‌സർ പട്ടേലും ഷാര്‍ദുല്‍ ഠാക്കൂറും ഡൽഹിക്ക് മികച്ച സ്‌കോർ സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അക്‌സർ പട്ടേൽ 22 റൺസും ഷാര്‍ദുല്‍ ഠാക്കൂർ 29 റൺസും ഡൽഹിക്കായി അടിച്ചുകൂട്ടി.
കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ 2 വിക്കറ്റും വരുൺ ചക്രവർത്തി, ഉമേഷ് യാദവ്, ആന്ദ്രേ റസ്സൽ എന്നിവർ ഓരോ വിക്കറ്റും നേടി.
കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊൽക്കത്ത ഇന്നിറങ്ങിയത്. എന്നാൽ ഡൽഹി ടീമിൽ ഒരു മാറ്റമുണ്ടായിരുന്നു. ആന്റിച്ച് നോര്‍ക്യക്ക് പകരം ഖലീല്‍ അഹമ്മദ് ഡൽഹിയുടെ പ്ലേയിംഗ് ഇലവനിലെത്തി.
തുടർച്ചയായ മൂന്നാം വിജയത്തിനാണ് കൊൽക്കത്ത ഇന്നിറങ്ങിയിരിക്കുന്നത്. എന്നാൽ കളിച്ച 3 മത്സരങ്ങളിൽ 2 മത്സരത്തിലും തോൽവി നേരിട്ട ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹമില്ല. ഇരു ടീമുകളും ഐപിഎല്ലിൽ 29 തവണ ഏറ്റുമുട്ടിയപ്പോൾ 16 തവണ കൊൽക്കത്ത വിജയിച്ചപ്പോൾ 12 തവണ വിജയം ഡൽഹിക്കൊപ്പമായിരുന്നു.
Story Highlights: Delhi scores big against kkr