ടോസ് നേടി ഡൽഹി; ബാറ്റിങ്ങിനിറങ്ങിയത് രാജസ്ഥാൻ
ഐപിഎല്ലിൽ ഡൽഹിക്കെതിരെയുള്ള മത്സരത്തിൽ ടോസ് നഷ്ടമായെങ്കിലും ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ മത്സരത്തിൽ ജയിച്ച ടീമിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങിയിരിക്കുന്നത്.
ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 7 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 51 റൺസെടുത്തിട്ടുണ്ട്.
ഇന്നത്തെ മത്സരത്തിൽ ജയം മുന്നിൽ കണ്ടു കൊണ്ടാണ് രാജസ്ഥാൻ ഇറങ്ങിയിരിക്കുന്നത്. ഡൽഹിക്കെതിരെ ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താൻ രാജസ്ഥാന് കഴിയും. എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണിപ്പോൾ രാജസ്ഥാൻ.
ഇന്ത്യൻ ടീമിലെ യുവ വിക്കറ്റ് കീപ്പർമാരായ ബാറ്റ്‌സ്മാൻമാരാണ് ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളെയും നയിക്കുന്നത്. 6 കളികളിൽ നിന്ന് 4 വിജയങ്ങളാണ് രാജസ്ഥാനുള്ളത്. അതേ സമയം 6 മത്സരങ്ങളിൽ 3 ജയങ്ങളും 3 തോൽവിയുമാണ് ഡൽഹി ക്യാപിറ്റൽസിനുള്ളത്. മികച്ച പോരാട്ടമായിരിക്കും ഇരു ടീമുകളും ഇന്ന് കാഴ്‌ചവെയ്ക്കുക എന്ന കാര്യത്തിൽ മറ്റൊരു അഭിപ്രായമില്ല.
ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചു കൂട്ടിയിട്ടുള്ള ജോസ് ബട്ലർ തന്നെയാണ് രാജസ്ഥാനെ മുന്നിൽ നിന്ന് നയിക്കുന്നത്. ഓറഞ്ച് ക്യാപ്പിനുടമ കൂടിയായ ബട്ലർ ഏതൊരു ബൗളിംഗ് നിരയുടെയും പേടിസ്വപ്നം കൂടിയാണ്. നായകനായ സഞ്ജു സാംസണും അവസാന ഓവറുകളിൽ കൊടുങ്കാറ്റായി മാറാറുള്ള ഷിംറോൺ ഹെറ്റ്മയറും രാജസ്ഥാന്റെ ബാറ്റിംഗ് പ്രതീക്ഷകൾ ചുമലിലേറ്റിയവരാണ്.
കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ഹാട്രിക്കടക്കം 4 വിക്കറ്റുകൾ നേടി രാജസ്ഥാന്റെ വിജയശിൽപിയായി മാറിയ യുസ്‌വേന്ദ്ര ചാഹലാണ് രാജസ്ഥാൻ ബൗളിംഗ് മുന്നിൽ നിന്ന് നയിക്കുന്നത്. ചാഹലിന് മികച്ച പിന്തുണയുമായി ട്രെന്‍റ് ബോൾട്ട് കൂടി ചേരുമ്പോൾ ഏതൊരു ടീമിന്റെ ബാറ്റിംഗ് നിരയിലും കനത്ത നാശം വിതയ്ക്കാൻ ശേഷിയുള്ളൊരു ബൗളിംഗ് നിരയായി മാറിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.
Story Highlights: Delhi won the toss and chose to field