‘ക്യാപ്റ്റൻ അമേരിക്ക’യോടൊപ്പം ധനുഷ്; ദി ഗ്രേമാൻ റിലീസ് ജൂലൈ 22ന്

April 27, 2022

ലോകം മുഴുവൻ വലിയ വിജയമായ ചിത്രമാണ് അവേഞ്ചേഴ്‌സ് സിനിമ പരമ്പരയിലെ അവസാന ചിത്രമായ എൻഡ്ഗെയിം. ഒരു സമയത്ത് ജെയിംസ് കാമറൂണിന്റെ അവതാറിനെയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി എൻഡ്ഗെയിം മാറിയിരുന്നു. റൂസ്സോ ബ്രദേർസ് എന്നറിയപ്പെടുന്ന സംവിധായകരായ ആന്റണി റൂസോയും ജോസഫ് റൂസോയുമാണ് എൻഡ്ഗെയിം സംവിധാനം ചെയ്തത്.

റൂസ്സോ ബ്രദേർസിന്റെ അടുത്ത ചിത്രമാണ് നെറ്റ്ഫ്ലിക്സിന് വേണ്ടി അവർ ചെയ്യുന്ന ‘ദി ഗ്രേമാൻ.’ അവഞ്ചേഴ്‌സ് ചിത്രങ്ങളിൽ ക്യാപ്റ്റൻ അമേരിക്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ് ഇവാൻസും പ്രശസ്ത നടൻ റയാൻ ഗോസ്ലിങ്ങും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ ധനുഷും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. ഇന്ത്യ മുഴുവനുള്ള സിനിമ ആരാധകരെ ആവേശത്തിലാക്കിയ ഒരു വാർത്തയായിരുന്നു അത്.

ഇപ്പോൾ ചിത്രത്തിലെ ധനുഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നിരിക്കുകയാണ്. ഒരു സൂപ്പർഹീറോ പരിവേഷത്തിലാണ് ധനുഷിനെ ഫസ്റ്റ് ലുക്ക് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ധനുഷിന്റെ കഥാപാത്രം ആരാണെന്നുള്ളത് ഇപ്പോഴും വ്യക്തമല്ല.

Read More: ‘ആർജെ ശങ്കറിന്റേത് ഒരു മാജിക്കൽ വോയ്സാണ്’- കൗതുകം സമ്മാനിച്ച് ‘മേരി ആവാസ് സുനോ’ ടീസർ

മാർക്ക് ഗ്രീനി എഴുതി 2009 ൽ പുറത്തിറങ്ങിയ ദി ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രമാണിതെന്നാണ് പറയപ്പെടുന്നത്.

അനാ ഡെ അർമാസ് നായികയാവുന്ന ചിത്രം ജൂലൈ 22 നാണ് നെറ്ഫ്ലിക്സിലൂടെ ലോകത്താകമാനം റിലീസ് ചെയ്യുന്നത്.

ഒടിടിയിലൂടെ ലോകത്താകമാനം ആരാധകരെ സൃഷ്‌ടിച്ച നടൻ കൂടിയാണ് ധനുഷ്. ധനുഷിന്റെ കാർത്തിക് സുബ്ബരാജ് ചിത്രം ‘ജഗമേ തന്തിരം’ നെറ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നതിന് മുൻപ് ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ച റൂസ്സോ സഹോദരങ്ങളുടെ ട്വീറ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story Highlights: Dhanush first look from gray man out