‘അടുത്ത ടി 20 ലോകകപ്പിൽ കളിക്കണം’; ആഗ്രഹം പരസ്യമാക്കി ദിനേശ് കാർത്തിക്
മികച്ച ഫോമിലാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ഈ സീസണിലെ 7 മത്സരങ്ങളിൽ നിന്ന് 210 റൺസാണ് കാർത്തിക് അടിച്ചു കൂട്ടിയിരിക്കുന്നത്. അതിൽ 6 മത്സരങ്ങളിൽ പുറത്താകാതെ നിന്നാണ് താരം സ്വന്തം ടീമായ ആർസിബിക്ക് വേണ്ടി പൊരുതിയത്.
ഇപ്പോൾ അടുത്ത ടി 20 ലോകകപ്പിൽ കളിക്കാനുള്ള തന്റെ ആഗ്രഹം പരസ്യമാക്കിയിരിക്കുകയാണ് ദിനേശ് കാർത്തിക്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് കാർത്തിക് പറയുന്നത്.
‘ഒക്ടോബർ – നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി 20 ലോകകപ്പിൽ നീലക്കുപ്പായം അണിയണം. കഴിഞ്ഞ ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്.’ ലഖ്നൗ സൂപ്പർ ജയന്റ്സുമായുള്ള മത്സരശേഷം കാർത്തിക് പറഞ്ഞു.
നേരത്തെ ഇന്ത്യയുടെ ഇതിഹാസ താരം സുനിൽ ഗവാസ്ക്കറും ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു. തകർപ്പൻ ഫോമിലുള്ള ദിനേശ് കാർത്തിക്കിനെ ഇന്ത്യൻ സെലക്ടർമാർ പരിഗണിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നാണ് സുനിൽ ഗവാസ്ക്കർ പറയുന്നത്. ലോകകപ്പ് ടീമിൽ കാർത്തിക്ക് ഉണ്ടാവണമെന്നും ഫിനിഷറുടെ റോളിൽ കാർത്തിക്കിന് ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നും ഗവാസ്ക്കർ കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ 205 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന ദിനേശ് കാർത്തിക്കിനെ ഇന്ത്യൻ ടീമിനും സെലക്ടർമാർക്കും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നാണ് ആരാധകരും പറയുന്നത്.
Read More: ഇന്ത്യ-പാക്ക് ഭായി ഭായി; ഇന്ത്യൻ താരം ചേതേശ്വർ പൂജാരയും പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാനും ഒരേ ടീമിൽ
അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ 18 റൺസിനാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ലഖ്നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തിയത്. 6 വിക്കറ്റ് നഷ്ടത്തിൽ ആർസിബി 181 റൺസ് അടിച്ചെടുത്തപ്പോൾ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ ലഖ്നൗവിന് കഴിഞ്ഞുള്ളു. ഇന്നലത്തെ ജയത്തോടെ 7 കളികളിൽ നിന്ന് 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാംഗ്ലൂർ ഇപ്പോൾ.
Story Highlights: Dinesh karthik wishes to play the next t 20 world cup for india