ഇഷ്ടചിത്രത്തിന്റെ ഓർമ്മയിൽ ദിവ്യ ഉണ്ണി; പാട്ടിനൊപ്പം നൃത്ത ചുവടുകളുമായി താരം
മലയാളികളുടെ ഇഷ്ടനടിയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാലോകത്തു നിന്നും അപ്രത്യക്ഷമായി. സിനിമയില് സാന്നിധ്യമറിയിക്കുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഇപ്പോഴും ദിവ്യ ഉണ്ണി. നൃത്തവേദികളിലും താരം നിറസാന്നിധ്യമാണ്. ഇപ്പോൾ ഫ്ളവേഴ്സ് മ്യൂസിക് ഉത്സവവേദിയിൽ എത്തിയ താരത്തിന്റെ നൃത്തവിഡിയോയാണ് ഏറെ ശ്രദ്ധനേടുന്നത്.
മലയാളികളുടെ എക്കാലത്തെയും ഇഷ്ടചിത്രമായ ഒരു മറവത്തൂർ കനവ് എന്ന സിനിമയിലെ പാട്ടുമായി വേദിയിൽ ഗായകർ എത്തിയപ്പോഴാണ്, ഈ ഗാനത്തിന് നൃത്തച്ചുവടുകൾ വയ്ക്കാൻ ദിവ്യ ഉണ്ണിയെ വേദിയിലേക്ക് ക്ഷണിക്കുന്നത്. ഫ്ളവേഴ്സ് മ്യൂസിക് ഉത്സവേദിയിൽ താരം അതിഥിയായി എത്തിയപ്പോഴാണ് ഗായകൻ എം ജി ശ്രീകുമാറിന്റെയും നടൻ മണിയൻപിള്ള രാജുവിന്റെയും ഇന്നസെന്റിന്റെയും അഭ്യർത്ഥന പ്രകാരം ദിവ്യ ഉണ്ണി ഈ ഗാനത്തിന് വേദിയിൽ ചുവടുവെച്ചത്. ദിവ്യ ഉണ്ണി അഭിനയിച്ച് അവിസ്മരണീയമാക്കിയ ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ച് വീണ്ടും താരം എത്തിയപ്പോൾ ഏറെ ആവേശത്തോടെയാണ് വേദി താരത്തെ സ്വീകരിച്ചതും.
Read also: എയ്ഡ്സ് ബാധിതരും അനാഥരും; തെരുവിൽ ഉപേക്ഷിക്കപ്പെട്ട നൂറോളം കുരുന്നുകൾക്ക് തുണയായി ഒരമ്മ
അതേസമയം തൊണ്ണൂറുകളിൽ വെള്ളിത്തിരയിൽ തിളങ്ങിയ ദിവ്യ ഉണ്ണി , മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങിയ മലയാള സിനിമയിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ ദിവ്യ ഉണ്ണി അഭിനയിച്ചു.
Read also: ആറു തലകളും പത്ത് കാലുകളും; സോഷ്യൽ ഇടങ്ങളെ കൺഫ്യൂഷനിലാക്കി ഒരു ചിത്രം
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ എന്ന ചലച്ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കല്യാണ സൗഗന്ധികം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രണയവർണ്ണങ്ങൾ, ചുരം, ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടെലിവിഷൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.
Story highlights: Divya Unni Dance performance