എഞ്ചിനീയറിങ്ങിന് ശേഷം ചായ വിൽക്കാനിറങ്ങി, ഇന്ന് സ്വന്തമായുള്ളത് ഏഴ് ഔട്ട്ലെറ്റുകൾ

മികച്ച വിദ്യാഭ്യസം, ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി ഇതൊക്കെ സ്വപ്നം കൊണ്ടുകൊണ്ടാണ് ഓരോ വിദ്യാർത്ഥികളും ഓരോ കോഴ്സുകളും തിരഞ്ഞെടുക്കുന്നത്. അത്തരത്തിൽ നല്ലൊരു ജോലി സ്വപ്നം കണ്ടുകൊണ്ടായിരുന്നു ഗണേഷ് ദുദ്നാലേ എന്ന യുവാവും എഞ്ചിനീയറിങ് പഠിച്ചത്. സ്വകാര്യ കോളജിൽ നിന്നും ഉയർന്ന മാർക്കോടെ കോഴ്സ് പൂർത്തിയാക്കിയെങ്കിലും ക്യാമ്പസ് പ്ലേസ്മെന്റിലൂടെ ലഭിച്ച ജോലിയുടെ വേതനം ഗണേഷിനെ വലിയ രീതിയിൽ നിരാശപ്പെടുത്തി. ഇവിടെ ശമ്പളമായി 12,000 രൂപയിൽ കൂടുതൽ നൽകാൻ കമ്പനികൾ ഒന്നും തയാറായിരുന്നില്ല.
താൻ ഇത്രയധികം കഷ്ടപ്പെട്ട് പഠിച്ചിട്ടും ഇതൊന്നും തന്നെ സാമ്പത്തീകമായി സഹായിക്കില്ല എന്ന് തിരിച്ചറിഞ്ഞ ഗണേഷ് സ്വന്തമായി ഒരു ബിസിനസ് എന്ന ആശയത്തിലേക്ക് തിരിഞ്ഞു. എന്ത് ബിസിനസ് ആരംഭിക്കണം എന്ന് ആലോചിച്ച ഗണേഷ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചായയുടെ ബിസിനസ് തന്നെ ആകാം എന്ന തീരുമാനത്തിലേക്ക് പിന്നീട് എത്തുകയായിരുന്നു. അച്ഛനിൽ നിന്നും വാങ്ങിയ ആറു ലക്ഷം രൂപയുമായി ഗണേഷ് ചായക്കട തുടങ്ങി. 2019 ലാണ് ആദ്യ കട ഗണേഷ് ആരംഭിക്കുന്നത്.
കുറെ നാളുകൾക്ക് ശേഷം ഈ ബിസിനസിൽ ഒരു പാർട്ട്ണറിനെയും ഗണേഷിന് ലഭിച്ചു. ഇതോടെ കച്ചവടം ഇവർ കൂടുതൽ കരുത്തുറ്റതാക്കി. ഒരു വർഷത്തിനുള്ളിൽ ഇരുവരും ചേർന്ന് ഒരു ഔട്ട്ലെറ്റ് കൂടെ ആരംഭിച്ചു. പിന്നീട് പതിയെ അത് ഏഴ് ഔട്ട്ലെറ്റുകളായി ഉയർന്നു. സാധാരണ ചായയ്ക്ക് പുറമെ വ്യത്യസ്ത തരം ചായകളും ഇവരുടെ കടയിൽ വിൽക്കാൻ തുടങ്ങി. ബട്ടർസ്കോച്ച്, വാനില, കാരാമൽ ചായ, ഫ്രൂട്ട് ചായ തുടങ്ങി 20 ഇനം ചായകൾ ഇവരുടെ കടകളിൽ ഇപ്പോൾ ലഭ്യമാണ്. ചായയ്ക്ക് പുറമെ വ്യത്യസ്ത തരം കാപ്പികളും ഇവിടെ വിൽക്കാൻ തുടങ്ങിയതോടെ കച്ചവടം പൊടിപൊടിച്ചു. പ്രതിമാസം മൂന്ന് ലക്ഷം രൂപവരെയാണ് ഏഴ് ഔട്ട്ലെറ്റുകളിൽ നിന്നുമായി ഇവർ സമ്പാദിക്കുന്നത്.
Story highlights: Engineer fails to get job starts tea business earns lakhs