നീയറിഞ്ഞോ മേലെ മാനത്ത്… പ്രേം നസീറിന്റെ ക്ഷണം സ്വീകരിച്ച് വേദിയിൽ പാട്ടുപാടി മോഹൻലാലും എംജി ശ്രീകുമാറും- അപൂർവ വിഡിയോ

April 25, 2022

സമൂഹമാധ്യമങ്ങളുടെ മുഴുവൻ മനം കവരുകയാണ് ഗായകൻ എംജി ശ്രീകുമാർ പങ്കുവെച്ച ഒരു അപൂർവ വിഡിയോ. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടൻ പ്രേം നസീറും മോഹൻലാലും എംജി ശ്രീകുമാറും പ്രത്യക്ഷപ്പെടുന്ന അപൂർവ വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് വിദേശത്ത് നടന്ന ഒരു സ്റ്റേജ് ഷോയുടെ ദൃശ്യങ്ങളാണ് ഇത്. പ്രേം നസീറിന്റെ ക്ഷണം സ്വീകരിച്ച് വേദിയിൽ പാട്ട് പാടാൻ എത്തുന്ന എംജിയേയും മോഹൻലാലിനെയുമാണ് വിഡിയോയിൽ കാണുന്നത്.

പാട്ട് പാടാൻ കഴിവുള്ള സൂപ്പർസ്റ്റാർ എന്ന അഭിസംബോധനയോടെയാണ് മോഹൻലാലിനെ എംജിക്കൊപ്പം പാടാൻ പ്രേം നസീർ ക്ഷണിക്കുന്നത്. സിനിമയിലെയും സംഗീതത്തിലേയും പ്രതിഭകൾ മുഴുവൻ അണിനിരന്ന പരുപാടിയിൽ ‘നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് പാടുന്നത്. ‘ഓർമ്മകൾ ഓർമ്മകൾ, ദൈവത്തിന് നന്ദി’ എന്ന അടിക്കുറുപ്പോടെയാണ് എംജി ശ്രീകുമാർ അപൂർവ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also; 23 ലക്ഷം രൂപയ്ക്ക് കറുത്ത കുതിരയെ വാങ്ങി യുവാവ്; വെള്ളം വീണതോടെ കുതിരയുടെ നിറം ചുവപ്പ്!

അതേസമയം മലയാള സിനിമയിൽ അഭിനയത്തിനപ്പുറം മനുഷ്യത്വം കൊണ്ടും സഹജീവി സ്നേഹം കൊണ്ടും മലയാളി ഹൃദയങ്ങൾ കീഴടക്കിയ താരമാണ് പ്രേം നസീർ. 1951 മുതല്‍ മരിക്കുവോളം മലയാള സിനിമ അടക്കിവാണ താര ചക്രവര്‍ത്തിയാണ് അദ്ദേഹം. മലയാളത്തിന്റെ നിത്യഹരിത നായകൻ എന്ന് വിളിപ്പേരുള്ള പ്രേം നസീർ മലയാള സിനിമയ്ക്കും ലോക സിനിമയ്ക്കും നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനൊപ്പമുള്ള ഓർമ്മകൾ മലയാളികൾക്ക് എപ്പോഴും വിലപ്പെട്ടതാണ്. ഇപ്പോഴിതാ ഗായകൻ എംജി ശ്രീകുമാർ പങ്കുവെച്ച വിഡിയോയും വലിയ രീതിയിൽ ജനശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഒപ്പം പ്രിയതാരം മോഹൻലാലും പ്രിയഗായകൻ എംജി ശ്രീകുമാറും എത്തിയതും കാഴ്ചക്കാരിൽ ആവേശം കൂട്ടുന്നുണ്ട്.

Story highlights: Prem Nazir with Mohanlal and MG Sreekumar viral video