വംശനാശം സംഭവിച്ചുവെന്ന് കരുതിയ പൂവ് 40 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി
മൃഗങ്ങളും പക്ഷികളും ചെടികളുമടക്കം വംശനാശം സംഭവിക്കുന്ന ജീവജാലങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് തന്നെ വംശനാശം സംഭവിച്ചുവെന്ന് കരുതിയ കാട്ടുപൂവിനെ കണ്ടെത്തിയതായി ശാസ്ത്രലോകം. ഏകദേശം നാല്പത് വർഷങ്ങൾക്ക് ശേഷമാണ് ഗാസ്റ്ററാന്തസ് എക്സ്റ്റിക്ന്റസ് എന്ന പൂവിനെ കണ്ടെത്തിയത്. വംശനാശം സംഭവിച്ചുവെന്ന് കരുതിയാണ് പൂവിന് ഗാസ്റ്ററാന്തസ് എക്സ്റ്റിക്ന്റസ് എന്ന പേരും നൽകിയത്. ആൻഡീസ് മലനിരകളുടെ താഴ്വാരങ്ങളിലും എക്വഡോനിലെ സെന്റിനെല മേഖലയിലുള്ള വനപ്രദേശത്തുമാണ് ഗാസ്റ്ററാന്തസ് എക്സ്റ്റിക്ന്റസിനെ വീണ്ടും കണ്ടെത്തിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് സംഭവിച്ച വനനശീകരണത്തിന്റെ ഭാഗമായി ഗാസ്റ്ററാന്തസ് ഉൾപ്പെടെ നിരവധി ചെടികൾക്ക് വംശനാശം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇവയ്ക്ക് വംശനാശം സംഭവിച്ചുവെന്ന് വിദഗ്ധർ ഉൾപ്പടെയുള്ളവർ വിശ്വസിച്ചു പോന്നിരുന്നതിനാൽ ഇവയെക്കുറിച്ച് തുടരന്വേഷണങ്ങളും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഏകദേശം നാല്പത് വർഷങ്ങൾക്ക് ശേഷം ഇവയെ കണ്ടുപിടിച്ചിരിക്കുകയാണ്. നിയോൺ ഓറഞ്ച് നിറത്തിൽ ഇതളുകൾ ഉള്ള ഈ കാട്ടുപൂവ് പഴയ ഹെർബേറിയം സ്പെസിമെനുകൾ ഉപയോഗിച്ചാണ് കണ്ടെത്തിയത്.
അതേസമയം സെന്റിലെനയിൽ മനുഷ്യസാന്നിധ്യം എത്തിപ്പെടാത്ത വനമേഖലകൾ ഇപ്പോഴും ഉണ്ട്. അവിടെ നടത്തിയ തിരച്ചിലിലാണ് ഇവയെ കണ്ടെത്തിയത്. അതേസമയം പടിഞ്ഞാറൻ എക്വഡോറിലെ 97 ശതമാനം വാനപ്രദേശങ്ങളും ഇതിനോടകം മനുഷ്യർ കയ്യേറിക്കഴിഞ്ഞു. കൃഷി ആവശ്യങ്ങൾക്കും മറ്റുമായി ഇവിടം ഉപയോഗിച്ചുവരുന്നു. അതുകൊണ്ടുതന്നെ ഇവിടെ ഉണ്ടായിരുന്ന ഉഷ്ണമേഖലാ കാട്ടുപൂക്കളിൽ പലതും നശിച്ചുവെന്ന് കരുതിയിരുന്ന ശാസ്ത്രലോകത്തിന് പുത്തൻ ഉണർവ് നൽകുന്നതാണ് ഗാസ്റ്ററാന്തസ് എക്സ്റ്റിക്ന്റസിന്റെ കണ്ടെത്തൽ.
ഉഷ്ണമേഖലാ കാട്ടു പൂക്കളെക്കുറിച്ച് പഠിക്കുന്നവർക്ക് ഇന്നും നിഗൂഢതകൾ സമ്മാനിക്കുന്ന ഇടം തന്നെയാണ് സെന്റിലെന. വളരെ വിരളമായ നിരവധി ചെടികളും പൂക്കളുമൊക്കെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഗാസ്റ്ററാന്തസ് എക്സ്റ്റിക്ന്റസിന്റെ കണ്ടെത്തലോടെ ഏറെ ശ്രദ്ധ നേടുകയാണ് ഈ സ്ഥലം.
Story highlights: extinct wildflower rediscovered after 40 years