ആനയ്ക്ക് ഭക്ഷണം നൽകാനെത്തിയ അച്ഛനും മകനും; അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന വിഡിയോയാണ് ആനയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന അച്ഛന്റെയും മകന്റെയും വിഡിയോ. പിതാവിനൊപ്പം ആനയ്ക്ക് ഭക്ഷണം നല്കാൻ എത്തിയ കുഞ്ഞിനെ ഉപദ്രവിക്കാനൊരുങ്ങിയ ആനയിൽ നിന്നും തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്.
കോഴിക്കോട്- മലപ്പുറം ബോർഡറിലെ പഴംപറമ്പ് തൃക്കളിയൂർ അമ്പലത്തിനടുത്താണ് സംഭവം നടന്നത്. പറമ്പിൽ നിൽക്കുന്ന ആനയ്ക്ക് പിതാവ് ഭക്ഷണം നൽകുന്നതിനൊപ്പം ചേർന്നതാണ് കുഞ്ഞും. ആദ്യം അച്ഛൻ ആനയ്ക്ക് ഭക്ഷണം നൽകുമ്പോൾ അത് ആന വാങ്ങികഴിക്കുന്നുണ്ട്. അച്ഛന് പിന്നാലെ ആനയ്ക്ക് ഭക്ഷണം നീട്ടിയ കുഞ്ഞിനെ തുമ്പികൈ ഉപയോഗിച്ച് ഉപദ്രവിക്കാൻ ഒരുങ്ങുകയായിരുന്നു ആന. എന്നാൽ ഉടൻതന്നെ പിതാവ് കുഞ്ഞിനെ ആനയുടെ അടുത്തുനിന്നും വലിച്ചുമാറ്റി, തുടർന്ന് ഇരുവരും ഓടി വീടിനടുത്തേക്ക് ഓടിയതോടെ വലിയൊരു അപകടമാണ് ഒഴിവായത്.
സംഭവം നടന്ന് രണ്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴാണ് വിഡിയോ പുറത്തുവരുന്നത്. അതേസമയം വിഡിയോ വലിയ രീതിയിൽ പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വിഡിയോക്കൊപ്പം ഉയരുന്നത്. കുഞ്ഞിന്റെ പിതാവിന്റെ ആത്മധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേർ എത്തുന്നുണ്ട്. പിന്നാലെ കുഞ്ഞിനെ ആനയുടെ അടുത്തേക്ക് കൊണ്ടുപോയതിൽ വിമർശനങ്ങൾ ഉയർത്തുന്നവരും ഒരുപാടുണ്ട്.
അതേസമയം വലിയ അപകടത്തിൽ നിന്നും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വീട്ടുകാരും നാട്ടുകാരും.
Story highlights: father and child escaped from elephant- video