വിസിൽ പോട്; സീസണിലെ ആദ്യ ജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്
തുടർച്ചയായ 4 തോൽവികൾക്ക് ശേഷം ഈ ഐപിഎൽ സീസണിലെ ആദ്യ ജയം നേടിയിരിക്കുകയാണ് ചെന്നൈ. 23 റൺസിനാണ് ചെന്നൈ ആർസിബിയെ തകർത്തത്. 217 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് 20 ഓവർ പൂർത്തിയായപ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുക്കാനേ കഴിഞ്ഞുള്ളു.
4 വിക്കറ്റെടുത്ത മഹീഷ് തീക്ഷണയും 3 വിക്കറ്റുകൾ കൊയ്ത ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുമാണ് ആർസിബിയുടെ ബാറ്റിംഗ് നിരയെ തകർത്തത്. 41 റണ്‍സെടുത്ത ഷഹാബാസ് അഹമ്മദാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍.
നേരത്തെ റോബിൻ ഉത്തപ്പയുടെയും ശിവം ദുബെയുടെയും അതിഗംഭീരം എന്ന് വിശേഷിപ്പിക്കേണ്ട ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ആർസിബിക്കെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് കൂറ്റൻ സ്‌കോർ നേടിയത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഇരുവരും 165 റൺസാണ് ചെന്നൈക്ക് വേണ്ടി അടിച്ചു കൂട്ടിയത്. ഈ സീസണിലെ ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡാണ് ഇതോടെ ഇരുവരും ചേർന്ന് സ്വന്തമാക്കിയത്.
ഏഴാം ഓവറിൽ മൊയീൻ അലി പുറത്തായതോടെയാണ് ഉത്തപ്പയും ദുബേയും ക്രീസിൽ ഒരുമിക്കുന്നത്. 50 പന്തില്‍ നാല് ഫോറും ഒന്‍പത് സിക്‌സും സഹിതം 88 റണ്‍സെടുത്ത റോബിൻ ഉത്തപ്പയും 46 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സറും സഹിതം പുറത്താകാതെ 95 റൺസെടുത്ത ശിവം ദുബൈയും കൂടി ആർസിബി ബൗളർമാർക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. ചെന്നൈക്കായി ഋതുരാജ് ഗെയ്‌ക്‌വാദ് 17 റൺസും മൊയീന്‍ അലി മൂന്ന് റണ്‍സും എടുത്തപ്പോൾ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ പൂജ്യത്തിന് പുറത്തായി.
Read More: രണ്ട് കാര്യങ്ങൾ സംഭവിച്ചാൽ ചെന്നൈ സൂപ്പർ കിങ്‌സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തുമെന്ന് ഹർഭജൻ സിംഗ്..
ആർസിബിക്കായി ഹസരങ്ക 2 വിക്കറ്റെടുത്തപ്പോൾ ഹേസല്‍വുഡ് ഒരു വിക്കറ്റ് പിഴുതു. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ആർസിബി ബൗളർമാരുടെ കണക്കുകൂട്ടലുകൾ തെറ്റിയത് ഉത്തപ്പയും ദുബെയും ചേർന്ന് പടുത്തുയർത്തിയ കൂട്ടുകെട്ടിലാണ്.
Story Highlights: First win for csk in ipl 2022