അജയകുമാർ എങ്ങനെ പക്രുവായി- പേരിന് പിന്നിലെ കാരണം പറഞ്ഞ് ഗിന്നസ് പക്രു…

April 10, 2022

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിച്ച് മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങിയ കലാകാരനാണ് ഗിന്നസ് പക്രു. താരം അഭിനയിക്കുന്ന കഥാപാത്രങ്ങളെയെല്ലാം മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്. ഇപ്പോഴിതാ ആദ്യ സിനിമയെക്കുറിച്ചും ഗിന്നസ് പക്രു എന്ന പേരിനെക്കുറിച്ചുമെല്ലാം കോമഡി ഉത്സവവേദിയിൽ പങ്കുവയ്ക്കുകയാണ് താരം.

അജയകുമാർ എന്നാണ് ഗിന്നസ് പക്രുവിന്റെ യഥാർത്ഥ പേര്. 1984 ൽ താൻ ആദ്യമായി അഭിനയിച്ച സിനിമയിലെ കഥാപാത്രമാണ് പക്രു. അമ്പിളി അമ്മാവൻ എന്ന ചിത്രത്തിൽ താൻ ചെയ്ത പക്രുവെന്ന കഥാപാത്രത്തെ ഏറ്റെടുത്ത മലയാളികൾ പിന്നീട് തന്നെ അറിയുന്നത് പോലും ആ കഥാപാത്രത്തിന്റെ പേരിലൂടെയാണ് എന്ന് പറയുകയാണ് പക്രു. 1986 ലാണ് അമ്പിളി അമ്മാവൻ റിലീസ് ചെയ്തത്, പിന്നീട് രണ്ട് വർഷങ്ങൾ കഴിഞ്ഞപ്പോൾ ചിത്രം ദൂരദർശനിലൂടെ പ്രേക്ഷകരിലേക്കെത്തുമെത്തി.

സിനിമ റിലീസ് ചെയ്തതിന് ശേഷം ആളുകൾ തന്നെ പക്രുവെന്ന് വിളിക്കാൻ തുടങ്ങിയെന്നും, ഇന്നിപ്പോൾ ആ പേരിലാണ് സിനിമ ലോകത്തും പുറത്തും അറിയപ്പെടുന്നതെന്നുമാണ് ഗിന്നസ് പക്രു പറയുന്നത്. കോമഡി ഉത്സവവേദിയിലെ അവതാരക രചന നാരായൺകുട്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് ഗിന്നസ് പക്രു തന്റെ പേരിന് പിന്നിലെ കഥ വേദിയിൽ വെളിപ്പെടുത്തിയത്. പക്രു ചേട്ടനെ, പക്രുച്ചേട്ടൻ എന്നാണോ അജയൻ ചേട്ടൻ എന്നാണോ വിളിക്കേണ്ടത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. രചന എന്ത് വിളിച്ചാലും കുഴപ്പമില്ല എന്ന് പറഞ്ഞ താരം പിന്നീട് പേരിന് പിന്നിലെ കാരണവും പറയുകയായിരുന്നു.

Read also: ഒരു വർഷത്തിൽ 12 അല്ല 13 മാസങ്ങൾ; കൗതുകമായൊരു രാജ്യവും രസകരമായ ആചാരങ്ങളും

നടന്‍, സംവിധായകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് ‘സര്‍വ്വദീപ്ത പ്രൊഡക്ക്ഷന്‍സ്’ എന്ന കമ്പനിയുടെ നിർമാണ രംഗത്തേക്കും താരം ചുവടുവെച്ചു.

Story highlights: From Ajayakumar to Pakru- Guinness Pakru opens up