രൗദ്രം ഈ ഗർജ്ജനം; ലഖ്‌നൗവിന്റെ വിജയത്തിന് ശേഷമുള്ള ഗംഭീറിന്റെ പ്രതികരണം വൈറൽ

April 1, 2022

അവിശ്വസനീയമായ വിജയമാണ് മുൻ ചാമ്പ്യൻസായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഈ സീസണിലെ അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പർ ജയൻറ്സ് ഇന്നലെ നേടിയത്. മത്സരത്തിൽ വിജയിച്ചതിന് ശേഷമുള്ള ടീമിന്റെ മെന്റർ കൂടിയായ ഗൗതം ഗംഭീറിന്റെ പ്രതികരണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ലഖ്‌നൗവിന്റെ വിജയത്തിൽ വികാര നിർഭരനായി അലറുന്ന ഗംഭീറിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കൊൽക്കത്തയുടെ മുൻ ക്യാപ്റ്റൻ കൂടിയായ ഗംഭീറിനെയാണ് ഈ ഐപിഎൽ സീസണിൽ അരങ്ങേറിയ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായി നിയമിച്ചത്. ലഖ്‌നൗവിന്റെ വിജയത്തിനായി ഗംഭീറടക്കമുള്ളവർ എത്രത്തോളം ആഗ്രഹിച്ചുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണമെന്നാണ് ക്രിക്കറ്റ് പ്രേമികളും ആരാധകരും പറയുന്നത്.

നേരത്തെ ഗുജറാത്തിനെതിരെയുള്ള ആദ്യ മത്സരത്തിൽ അകന്ന് നിന്ന വിജയമാണ് ഇന്നലെ മുൻ ചാമ്പ്യൻസ് കൂടിയായ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തെറിഞ്ഞ് ലഖ്‌നൗ നേടിയത്. 211 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ലഖ്‌നൗ ഒരു ഘട്ടത്തിൽ കളി പൂർണമായും കൈവിട്ടു എന്ന് കരുതിയതാണ്. എന്നാൽ അവിടുന്ന് ടീം നടത്തിയത് അതിഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു തിരിച്ചു വരവാണ്.

Read More: ‘കേരളത്തിലെ പിള്ളേർ ആറാടുകയാണ്’; വൈറലായി മുംബൈ ഇന്ത്യൻസ് ഫേസ്ബുക്കിൽ പങ്കുവെച്ച സഞ്ജുവിന്റേയും ‘തമ്പി അളിയന്റെയും’ ചിത്രങ്ങൾ

അവസാന നാലോവറില്‍ 56 റണ്‍സായിരുന്നു ലഖ്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. പതിനേഴാം ഓവറില്‍ 9 റണ്‍സടിച്ച ലഖ്നൗ ഡ്വയിന്‍ ബ്രാവോയുടെ പതിനെട്ടാം ഓവറില്‍ 12 റണ്‍സടിച്ചു. എന്നാല്‍ ശിവം ദുബെ എറിഞ്ഞ പത്തൊമ്പതാം ഓവറാണ് കളിയുടെ ഗതി മാറ്റിയത്. ആ ഓവറിൽ 25 റണ്‍സടിച്ച് ലഖ്നൗ വിജയത്തിന് അടുത്തെത്തി. അവസാന ഓവറിലെ മൂന്നാം പന്ത് സിക്സിന് പറത്തിയാണ് യുവതാരം ആയുഷ് ബദോനി ലഖ്‌നൗവിന് വിജയം നേടിക്കൊടുത്തത്. 3 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റിനാണ് ലഖ്‌നൗവിന്റെ വിജയം.

Story Highlights: Gambhir’s reaction gone viral