ഗൗരിമോൾക്ക് വേണം 16 കോടി രൂപ, ഒരു ദിവസംകൊണ്ട് ബസുടമകളും ജീവനക്കാരും ചേർന്ന് സമാഹരിച്ചത് 7,84,030 രൂപ
ഒരു നാട് മുഴുവൻ ഒരു കുഞ്ഞിനായുള്ള ഓട്ടത്തിലാണ്. കളിച്ചുനടക്കേണ്ട പ്രായത്തിൽ രോഗത്തിന്റെ നൊമ്പരങ്ങൾ പേറുകയാണ് ഗൗരിലക്ഷ്മി എന്ന കുരുന്ന്. സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗൗരിലക്ഷ്മി എന്ന കുരുന്നിന്റെ ചികിത്സയ്ക്കായി 16 കോടി രൂപയാണ് ആവശ്യമുള്ളത്. മെയ് മാസത്തിന് മുൻപായാണ് ഇത്രയും വലിയ തുക ആവശ്യമുള്ളത്. ഇതിനിടെയിൽ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി ഒരു നാടും നഗരവും ഒന്നിച്ചപ്പോൾ ഇവർ സമാഹരിച്ചത് 7,84,030 രൂപയാണ്. പാലക്കാട് – കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുടമകളും ജീവനക്കാരും ചേർന്ന് ഒരു ദിവസം കൊണ്ടാണ് ഇത്രയധികം തുക സമാഹരിച്ചത്.
ഇന്നലെയാണ് പാലക്കാട്- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകൾ ഗൗരിലക്ഷ്മി സഹായനിധി ഫണ്ടിലേക്കായുള്ള സർവീസ് നടത്തിയത്. ബസിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും നടന്ന് പിരിവ് നടത്തിയും ടിക്കറ്റിന് പകരം ആളുകളുടെ മുന്നിലേക്ക് ബക്കറ്റ് നീട്ടിയുമാണ് ബസ് ജീവനക്കാർ ഇത്രയും വലിയ തുക സമാഹരിച്ചത്. നാല്പതോളം ബസുകളാണ് ഇത്തരത്തിൽ ഈ കുഞ്ഞിന് വേണ്ടി ഇന്നലെ നിരത്തിലിറങ്ങിയത്. ഈ നാല്പത് ബസ്സിൽ നിന്നുമായി 8 ലക്ഷത്തിനടുത്ത് രൂപയാണ് ഇവർ സമാഹരിച്ചത്. അതേസമയം ഇന്നലെ ഒരു ദിവസംകൊണ്ട് സമാഹരിച്ച തുക ശനിയാഴ്ച്ചയാണ് ബസ് ജീവനക്കാർ ഈ കുരുന്നിന്റെ മാതാപിതാക്കൾക്ക് കൈമാറുക.
അതേസമയം നിറഞ്ഞ കൈയടിയോടെയാണ് കേരളക്കരയ്ക്ക് മുഴുവൻ മാതൃകയായ ഈ ബസ് ജീവനക്കാരുടെയും ഉടമകളുടെയും നടപടിയെ ജനങ്ങൾ സ്വീകരിച്ചത്. ഈ മാതൃക ഉൾക്കൊണ്ട് കോഴിക്കോട്- മഞ്ചേരി റൂട്ടിലെ സ്വകാര്യ ബസുകളും ഈ കുരുന്നിന്റെ ചികിത്സാസഹായ ഫണ്ട് സമാഹരണത്തിനായി തിങ്കളാഴ്ച സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഷൊർണൂർ സ്വാദേശിയായ ലിജു- നിത ദമ്പതികളുടെ മകളാണ് ഒന്നര വയസുകാരി ഗൗരി ലക്ഷ്മി.
Story highlights: Gauri Lakshmi treatment fund