ഹൈദരാബാദിനെതിരെ ടോസ് നേടി ഗുജറാത്ത്; ജയിക്കുന്നവർക്ക് പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ അവസരം
മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യ സൺറൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിങിനയക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ഇരു ടീമുകൾക്കും ഉള്ളത്. എട്ട് മത്സരങ്ങളിൽ ആറിലും ജയിച്ച രാജസ്ഥാൻ റോയൽസാണ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്. ഏഴ് മത്സരങ്ങളിൽ 12 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിന് 10 പോയിന്റ് മാത്രമാണുള്ളതെങ്കിലും മികച്ച റൺ റേറ്റുള്ള ടീമിന് ഇന്ന് ജയിച്ചാൽ ഒന്നാമതെത്താൻ കഴിയും.
ഈ സീസണിലെ എട്ടാം മത്സരത്തിനാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. കഴിഞ്ഞ കളിയിൽ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇന്നിറങ്ങിയിരിക്കുന്നത്. എന്നാൽ ഹൈദരാബാദ് ടീമിൽ ഒരു മാറ്റമുണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ തിരിച്ചെത്തിയതോടെ ജഗദീഷ സുജിത് ഇന്ന് പുറത്തിരിക്കുകയാണ്.
അതേ സമയം വമ്പൻ വിജയമാണ് സൺറൈസേഴ്സ് ഹൈദരാബാദ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നേടിയത്. ഒൻപത് വിക്കറ്റിനാണ് ഹൈദരാബാദ് ആർസിബിയെ തകർത്തെറിഞ്ഞത്. ആർസിബിയുടെ ഇന്നിങ്സ് 16.1 ഓവറിൽ 69 റൺസിലൊതുങ്ങിയപ്പോൾ വെറും 8 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് ലക്ഷ്യം നേടി. 28 പന്തിൽ 47 റൺസെടുത്ത അഭിഷേക് ശർമയാണ് ഹൈദരാബാദിനെ വേഗത്തിൽ ലക്ഷ്യത്തിലെത്തിച്ചത്. ഈ വിജയത്തോടെയാണ് ഹൈദരാബാദ് മികച്ച റൺ റേറ്റ് സ്വന്തമാക്കിയത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് തുടങ്ങിയ ഹൈദരാബാദിന്റെ തുടർച്ചയായ അഞ്ചാം വിജയമായിരുന്നു ബാംഗ്ലൂരിനെതിരെ നേടിയത്.
Story Highlights: Gujarat won the toss and chose to field