‘സൂപ്പർ ഓവറിനായി ഒരുങ്ങി, പക്ഷെ അതിന്റെ ആവശ്യമില്ലെന്ന് നെഹ്റ ഭായ് പറഞ്ഞു…’; ഗുജറാത്ത് വിജയിച്ച അവസാന ഓവറിനെ പറ്റി നായകൻ ഹർദിക് പാണ്ഡ്യ

April 28, 2022

അവിശ്വസനീയമായ വിജയമാണ് ഇന്നലത്തെ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തിൽ അവസാന പന്ത് സിക്സറിന് പറത്തിയാണ് ഗുജറാത്ത് താരം റാഷിദ് ഖാൻ ഗുജറാത്തിന് വിജയം നേടിക്കൊടുത്തത്. ഇപ്പോൾ അവസാന ഓവറിനെ പറ്റി ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യയും ടീമിന്റെ കോച്ച് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റയും തമ്മിൽ നടന്ന ഒരു സംഭാഷണമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

മാർക്കോ ജാൻസനെറിഞ്ഞ അവസാന ഓവറിൽ 22 റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഇതിന് മുൻപും പല മത്സരങ്ങളിലും അത്ഭുതം പ്രവർത്തിച്ചിട്ടുള്ള രാഹുൽ തേവാടിയയും സൂപ്പർതാരം റാഷിദ് ഖാനുമാണ് ക്രീസിലുണ്ടായിരുന്നത്. മാർക്കോ ജാൻസെനെറിഞ്ഞ ഓവറിൽ ആദ്യ 5 പന്തിൽ 3 സിക്‌സറുകൾ പറത്തി ഇരു ബാറ്റ്‌സ്മാന്മാരും ഹൈദരാബാദിന് മേലുള്ള സമ്മർദ്ദം കൂട്ടി.

അവസാന പന്തിൽ 3 റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. മത്സരം സൂപ്പർ ഓവറിലേക്ക് പോവാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ നായകൻ ഹർദിക് പാണ്ഡ്യ അതിനുള്ള തയാറെടുപ്പുകൾക്കായി ഒരുങ്ങുകയായിരുന്നു. എന്നാൽ ഗുജറാത്തിന്റെ പരിശീലകൻ ആശിഷ് നെഹ്റ ഹർദിക്കിനെ തടയുകയായിരുന്നു. സൂപ്പർ ഓവറിലേക്ക് മത്സരം നീളുകയില്ലെന്നും ഇത് നമ്മൾ ഇപ്പോൾ തന്നെ തീർക്കുമെന്നും നെഹ്റ പറഞ്ഞതായി പാണ്ഡ്യ വ്യക്തമാക്കി. രാഹുൽ തെവാട്ടിയ തൈ പാഡഴിച്ചതോടെ അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുത്ത് മത്സരം സമനിലയിലാക്കാനാവും താരങ്ങൾ ശ്രമിക്കുകയെന്നാണ് താൻ കരുതിയതെന്നും അതിനാലാണ് സൂപ്പർ ഓവറിനായി തയാറെടുത്തതെന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു.

Read More: യുദ്ധവിരുദ്ധ ഗാനവുമായി മൂന്നുവയസുള്ള യുക്രേനിയൻ ബാലൻ- വിഡിയോ

ഒരു ഘട്ടത്തിൽ ഉമ്രാൻ മാലിക്ക് എന്ന കൊടുങ്കാറ്റിന് മുൻപിൽ ഗുജറാത്ത് മുട്ട് കുത്തി എന്ന് കരുതിയിടത്ത് നിന്നാണ് രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും ഗുജറാത്ത് ടൈറ്റൻസിന് അവിശ്വസനീയമായ വിജയം നേടിക്കൊടുത്തത്. ആവേശം അവസാന പന്ത് വരെ നീണ്ട് നിന്ന മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 196 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഗുജറാത്ത് മറികടന്നത്.

Story Highlights: Hardik pandya about what nehra said about super over