തകർന്നുവീണ കെട്ടിടങ്ങൾക്കൊപ്പം അച്ഛന്റെ കടയും; വേദനയായി അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും നാണയം പെറുക്കുന്ന എട്ട് വയസുകാരന്റെ ദൃശ്യങ്ങൾ

April 23, 2022

സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങളും വിഡിയോകളുമൊക്കെ ചിലപ്പോൾ വലിയ രീതിയിൽ കാഴ്ചക്കാരുടെ ഉള്ളം നിറയ്ക്കാറുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ഒരു എട്ടു വയസുകാരന്റെ ദൃശ്യങ്ങൾ. ദില്ലിയിലെ ജഹാംഗീർപുരിൽ നിന്നുള്ള ഒരു ബാലൻ സ്വന്തം പിതാവിന്റെ കടയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നാണയങ്ങൾ തിരയുന്ന വിഡിയോയാണ് കാഴ്ചക്കാരിൽ മുഴുവൻ വേദനയാകുന്നത്. റിപ്പോർട്ടുകൾ പുറത്തുവരുന്നതനുസരിച്ച് അനധികൃതമായി സ്ഥാപിച്ച കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിനിടെയാണ് ആസിഫ് എന്ന കുഞ്ഞിന്റെ പിതാവിന്റെ കടയും അധികൃതർ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്.

അതേസമയം കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന പ്രദേശത്ത് നിരവധി ആളുകൾ കൂടിയിട്ടുണ്ടെങ്കിലും ഇവരെയൊന്നും ശ്രദ്ധിക്കാതെയാണ് ഈ കുഞ്ഞ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നാണയങ്ങൾ ശേഖരിക്കുന്നത്. പൊളിച്ചുമാറ്റിയ സ്ഥലത്തായിരുന്നു ആസിഫിന്റെ പിതാവിന്റെ കടയും ഇവരുടെ വീടും. ഈ സ്ഥലത്ത് നിന്നും ആളുകൾ തങ്ങളുടെ സാധനങ്ങൾ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഈ കുരുന്നും വീണുകിടക്കുന്ന നാണയങ്ങൾ ശേഖരിക്കുന്നത്.

‘ഇത് എന്റെ വീടും ഞങ്ങളുടെ കടയുമായിരുന്നു. അച്ഛന്റെ കടയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ഞങ്ങളുടെ കുടുംബം കഴിഞ്ഞിരുന്നത്. ഞാൻ സ്കൂളിൽ പോകുന്നതിനൊപ്പം, വീട്ടുജോലികളും ചെയ്യാറുണ്ട്’- എന്ന് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള ഉത്തരമായി ഈ എട്ട് വയസുകാരൻ പറയുന്നുണ്ട്.

Read also:വിജയ് സേതുപതിയുടെ കാമുകിമാരായി നയൻതാരയും സാമന്തയും; സസ്പെൻസ് നിറച്ച് ട്രെയ്‌ലർ

അതേസയമം യാതൊരുവിധ മുന്നറിയിപ്പും കൂടാതെയാണ് അധികൃതർ ഈ കടകൾ പൊളിച്ചുമാറ്റിയതെന്നും തങ്ങൾക്ക് മുനിസിപ്പൽ കോർപ്പറേഷന്റെ വെണ്ടർ സർട്ടിഫിക്കേറ്റ് ഉണ്ടെന്നും എന്നിട്ടും ഈ നടപടിയ്ക്ക് മുൻപ് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ആസിഫിന്റെ മാതാപിതാക്കളും മാധ്യമപ്രവർത്തകരെ അറിയിച്ചു. അടുത്തിടെ തങ്ങൾ വാങ്ങിവെച്ച ഫ്രിഡ്ജ് അടക്കം എല്ലാം തകർത്തെന്നും, 80,000- രൂപയുടെ നഷ്ടം ഇതിനോടകം ഉണ്ടായിട്ടുണ്ടെന്നും ഇവർ പറഞ്ഞു. എന്തായാലും അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നാണയങ്ങൾ ശേഖരിക്കുന്ന കുഞ്ഞിന്റെ വിഡിയോ കാഴ്‌ചക്കാരെ മുഴുവൻ വേദനയിലാഴ്ത്തുന്നുണ്ട്.

Story highlights: Heartfelt video of eight-year-old collecting coin from a pile of rubble