ഹിഷാം ‘ഹൃദയത്തിലൂടെ’ തെലുങ്കിലേക്ക്; അരങ്ങേറ്റം വിജയ് ദേവരകൊണ്ട ചിത്രത്തിൽ

തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ വിനീത് ശ്രീനിവാസൻ ചിത്രമാണ് ‘ഹൃദയം.’ ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ഹൃദയത്തിന് ലഭിച്ചത്.
ഹൃദയം സിനിമയോടൊപ്പം തന്നെ പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് ചിത്രത്തിലെ പാട്ടുകളും ഏറ്റെടുത്തത്. ഹിഷാം അബ്ദുൽ വഹാബ് ചെയ്ത ഹൃദയത്തിലെ പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ആദ്യ ഗാനം മുതൽ ഓരോ ഗാനം റിലീസ് ചെയ്യുമ്പോഴും അവ ട്രെൻഡിങ്ങിൽ ഒന്നാമത് തന്നെയായിരുന്നു. വലിയ കൈയടിയാണ് ഹൃദയത്തിലെ ഗാനങ്ങൾ ചെയ്ത ഹിഷാമിനും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.
ഇപ്പോൾ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഹിഷാം. വിജയ് ദേവരകൊണ്ടയും സാമന്തയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രത്തിനാണ് ഇനി ഹിഷാം സംഗീതം നൽകുന്നത്. ഹിഷാം തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഈ കാര്യം പങ്കുവെച്ചത്. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിലില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
‘ഹൃദയ’ത്തിന്റെ ഗാനങ്ങളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു. ഈ അടുത്ത കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഗാനങ്ങളായിരുന്നു ഹൃദയത്തിലേത്.15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.
Read More: പാട്ട് വേദിയിൽ ശ്രീഹരിക്ക് കൈയടിയുമായി വിധികർത്താക്കൾ…
കഴിഞ്ഞ ജനുവരി 21 നാണ് ഹൃദയം തിയേറ്ററില്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിയിലും ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. പ്രണവ് മോഹൻലാലിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകനായ ചിത്രം കൂടിയാണ് ഹൃദയം.
Story Highlights: Hesham’s next movie is in telugu