കരുത്ത് കാട്ടി ഹൈദരാബാദ് ബൗളർമാർ, ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോർ; ആദ്യ ജയം ലക്ഷ്യമിട്ട് ഇരു ടീമുകളും
മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ ഭേദപ്പെട്ട സ്‌കോർ നേടി ചെന്നൈ. 48 റൺസെടുത്ത മൊയീൻ അലിയുടെയും 23 റൺസെടുത്ത രവീന്ദ്ര ജഡേജയുടെയും മികവിലാണ് ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് അടിച്ചെടുത്തത്. ഹൈദരാബാദിനായി വാഷിംഗ്‌ടൺ സുന്ദറും നടരാജനും 2 വിക്കറ്റ് വീതം നേടിയപ്പോൾ ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവർ ചെന്നൈയുടെ ഓരോ വിക്കറ്റ് വീതം പിഴുതു.
തുടക്കത്തിൽ കനത്ത ബാറ്റിംഗ് തകർച്ച തന്നെയാണ് ചെന്നൈ നേരിട്ടത്. 6 ഓവർ കഴിഞ്ഞപ്പോഴേക്കും ഉത്തപ്പയുടെയും ഋതുരാജ് ഗെയ്കവാദിന്റെയും വിക്കറ്റുകൾ തെറിച്ചിരുന്നു. ഋതുരാജ് ഗെയ്കവാദ് ഈ മത്സരത്തിലും ഫോമിലേക്കുയരാത്തത് ചെന്നൈക്ക് പിന്നെയും തലവേദനയാവുകയാണ്.
ടോസ് നേടിയ ഹൈദരാബാദ് നായകൻ കെയ്ന്‍ വില്യംസണ്‍ ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം ശരി വയ്ക്കുന്ന പ്രകടനമാണ് ഹൈദരാബാദ് ബൗളർമാർ പുറത്തെടുത്തത്.
കഴിഞ്ഞ കളികളിൽ നിന്ന് ചെറിയ മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയിരിക്കുന്നത്. ശശാങ്ക് സിംഗ്, മാര്‍കോ ജാന്‍സന്‍ എന്നിവര്‍ സൺറൈസേഴ്സിനായി ഇന്നത്തെ മത്സരത്തിൽ അരങ്ങേറിയപ്പോൾ അബ്ദു സമദ്, റൊമാരിയോ ഷെഫേര്‍ഡ് എന്നിവർക്ക് പുറത്തിരിക്കേണ്ടി വന്നു. ചെന്നൈ ഒരു മാറ്റം വരുത്തി. ചെന്നൈ ടീമിൽ മഹീഷ് തീക്ഷ്ണ പ്രിട്ടോറ്യൂസിന് പകരം ഇന്നത്തെ മത്സരത്തിനിറങ്ങിയിട്ടുണ്ട്.
Read More: രണ്ട് കാര്യങ്ങൾ സംഭവിച്ചാൽ ചെന്നൈ സൂപ്പർ കിങ്‌സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തുമെന്ന് ഹർഭജൻ സിംഗ്..
അതേ സമയം ഇന്നത്തെ മത്സരത്തോടെ ചെന്നൈ ജേഴ്സിയിൽ നായകൻ രവീന്ദ്ര ജഡേജ 150 മത്സരങ്ങൾ തികച്ചിരിക്കുകയാണ്. മുൻ നായകൻ ധോണിയും മുൻ ചെന്നൈ താരം സുരേഷ് റെയ്‌നയും മാത്രമാണ് 150 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള മറ്റ് സിഎസ്കെ താരങ്ങൾ. ചെന്നൈ ടീം തനിക്ക് വീടും കുടുംബവും പോലെയാണെന്നും മറ്റൊരു ടീമിന് വേണ്ടി കളിക്കുന്നത് ചിന്തിക്കാൻ പോലുമാവില്ലെന്നുമാണ് ജഡേജ മത്സരത്തിനിറങ്ങുന്നതിന് മുൻപ് പറഞ്ഞത്.
Story Highlights: Hyderabad bowlers shine against chennai