തകർപ്പൻ അടികളുമായി കൂറ്റൻ സ്കോർ നേടി ഹൈദരാബാദ്; ഗുജറാത്തിന് 196 റൺസ് വിജയലക്ഷ്യം
ഗുജറാത്ത് ടൈറ്റൻസിനെതിരെ കൂറ്റൻ സ്കോറാണ് സൺറൈസേഴ്സ് ഹൈദരാബാദ് അടിച്ചു കൂട്ടിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് അടിച്ചെടുത്തത്.
65 റൺസെടുത്ത അഭിഷേക് ശര്‍മയുടെയും 56 റൺസെടുത്ത എയ്ഡന്‍ മാര്‍ക്രമിന്റെയും കരുത്തിലാണ് ഹൈദരാബാദ് മികച്ച സ്കോർ കണ്ടെത്തിയത്. അവസാന ഓവറുകളിലെ ശശാങ്ക് സിങിന്റെ തകർപ്പനടിയാണ് ഹൈദരാബാദ് സ്കോർ 190 കടത്തിയത്. വെറും 6 പന്തുകളിൽ നിന്ന് 25 റൺസാണ് ശശാങ്ക് നേടിയത്. ലോക്കി ഫെര്‍ഗൂസണിന്റെ അവസാന ഓവറില്‍ 4 സിക്സറുകളാണ് ശശാങ്കും മാര്‍കോ ജാന്‍സനും കൂടി നേടിയത്. ഇതിൽ മൂന്നും ശശാങ്ക് സിംഗിന്റെ വകയായിരുന്നു. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി 3 വിക്കറ്റുകൾ നേടി.
ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ഇരു ടീമുകൾക്കും ഉള്ളത്. എട്ട് മത്സരങ്ങളിൽ ആറിലും ജയിച്ച രാജസ്ഥാൻ റോയൽസാണ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്. ഏഴ് മത്സരങ്ങളിൽ 12 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിന് 10 പോയിന്റ് മാത്രമാണുള്ളതെങ്കിലും മികച്ച റൺ റേറ്റുള്ള ടീമിന് ഇന്ന് ജയിച്ചാൽ ഒന്നാമതെത്താൻ കഴിയും.
Read More: ‘പരാഗിൽ പൂർണ വിശ്വാസമുണ്ടായിരുന്നു’; ബാംഗ്ലൂരിനെതിരെയുള്ള തകർപ്പൻ വിജയത്തിന് ശേഷം സഞ്ജു സാംസൺ…
ഈ സീസണിലെ എട്ടാം മത്സരത്തിനാണ് ഇരു ടീമുകളും ഇന്നിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ കളിയിൽ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇന്നിറങ്ങിയിരിക്കുന്നത്. എന്നാൽ ഹൈദരാബാദ് ടീമിൽ ഒരു മാറ്റമുണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ തിരിച്ചെത്തിയതോടെ ജഗദീഷ സുജിത് ഇന്ന് പുറത്തിരിക്കുകയാണ്.
Story Highlights: Hyderabad gets a huge score against gujarat