ടോസ് നേടി ലഖ്‌നൗവിനെ ബാറ്റിങ്ങിനയച്ച് ഹൈദരാബാദ്; സൺറൈസേഴ്സിനിത് അഭിമാന പോരാട്ടം
ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിൽ ടോസ് നേടിയെങ്കിലും ഫീൽഡ് ചെയ്യാനായിരുന്നു നായകൻ കെയ്ന്‍ വില്യംസണിന്റെ തീരുമാനം. ആദ്യ ജയം ലക്ഷ്യമിട്ടാണ് ഹൈദരാബാദ് ഇന്നിറങ്ങിയിരിക്കുന്നത്. അതേ സമയം ഒരു ജയവും ഒരു തോൽവിയുമാണ് ലഖ്‌നൗവിന് ഉള്ളത്. ഇന്നത്തെ മത്സരത്തിലും ജയിച്ച് കൂടുതൽ കരുത്തരാകാനാവും ലഖ്‌നൗ ശ്രമിക്കുന്നത്. ഇപ്പോൾ 11 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 76 റൺസാണ് ലഖ്‌നൗ അടിച്ചെടുത്തിരിക്കുന്നത്.
സീസണിലെ ആദ്യ ജയത്തിനായാണ് നായകൻ കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്നിറങ്ങിയിരിക്കുന്നത്. പക്ഷെ നിക്കോളാസ് പുരാനും അബ്ദുൽ സമദും മികവിനൊത്ത് ഉയരാത്തതാണ് ഹൈദരാബാദ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ടി നടരാജൻ, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക് എന്നീ ബൗളർമാരുടെ മികവിൽ ടീമിനേറെ പ്രതീക്ഷകളുണ്ടെങ്കിലും നായകനായ കെയ്ന്‍ വില്യംസൺ, ഏയ്ഡന്‍ മർക്രാം, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ പ്രകടനം ഹൈദരാബാദിന് നിർണായകമാണ്.
അതേ സമയം ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് തോൽവി രുചിച്ചിരുന്നെങ്കിലും രണ്ടാമത്തെ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തെറിഞ്ഞാണ് ലഖ്‌നൗ ഇന്നത്തെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. എന്നാൽ മുൻ ചാമ്പ്യന്മാരെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിൽ വരുന്ന ലഖ്‌നൗ ഹൈദരാബാദിന് വലിയ വെല്ലുവിളി തന്നെ ഉയർത്തും എന്ന കാര്യത്തിൽ തർക്കമില്ല. അവിശ്വസനീയമായ ഒരു വിജയം തന്നെയാണ് ലഖ്‌നൗ ചെന്നൈക്കെതിരെ നേടിയത്. 211 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ലഖ്‌നൗ ഒരു ഘട്ടത്തിൽ കളി പൂർണമായും കൈവിട്ടു എന്ന് കരുതിയതാണ്. എന്നാൽ അവിടുന്ന് ടീം നടത്തിയത് അതിഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു തിരിച്ചു വരവാണ്.
കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിനെ നില നിർത്തികൊണ്ടാണ് ഹൈദരാബാദ് ഇന്നിറങ്ങിയിരിക്കുന്നത്. എന്നാൽ ലഖ്‌നൗ തങ്ങളുടെ ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. വിൻഡീസ് താരം ജേസണ്‍ ഹോള്‍ഡർ ദുഷ്മന്ത ചമീരയ്ക്ക് പകരം ഇന്നിറങ്ങിയിട്ടുണ്ട്.
Read More: റോസ് ടെയ്‌ലർ ക്രിക്കറ്റിനോട് വിട പറഞ്ഞു; ചടങ്ങിൽ വിതുമ്പി താരം
നായകൻ കെയ്ന്‍ വില്യംസണിനൊപ്പം അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, അബ്ദുള്‍ സമദ്, വാഷിംഗ്ടണ്‍ സുന്ദര്‍, റൊമാരിയ ഷെഫേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക് എന്നിവരാണ് ഹൈദരാബാദിനായി ഇന്നിറങ്ങിയിരിക്കുന്നത്.
അതേ സമയം ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, ജേസണ്‍ ഹോള്‍ഡര്‍, ആന്‍ഡ്രൂ ടൈ, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍ എന്നീ താരങ്ങളാണ് നായകൻ കെ എൽ രാഹുലിന്റെ നേതൃത്വത്തിൽ ലഖ്‌നൗവിന് വേണ്ടി ഇന്നിറങ്ങിയിരിക്കുന്നത്.
Story Highlights: Hyderabad won the toss and elected to field