യാത്രക്കാരൻ നോമ്പിൽ; അപ്രതീക്ഷിതമായി ഇഫ്താർ ഒരുക്കി ഇന്ത്യൻ റെയിൽവേ- അഭിനന്ദന പ്രവാഹം

April 26, 2022

നോമ്പുകാലമാണ്. മതഭേതമില്ലാതെ എല്ലാവരും ഇഫ്താർ ഒരുക്കിയും നോമ്പെടുക്കുന്നവർക്ക് സഹായങ്ങൾ ചെയ്തും സഹജീവി സ്നേഹം പ്രകടിപ്പിക്കുന്ന വേള. ഈ അവസരത്തിൽ ഇന്ത്യൻ റെയിൽവേയും കൈയടി നേടുകയാണ്.ശതാബ്ദി ട്രെയിനിൽ ഇഫ്താർ വിളമ്പിയാണ് ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാർ ശ്രദ്ധനേടുന്നത്. ഇഫ്താറിന്റെ വിശദാംശങ്ങൾ ഒരു യാത്രക്കാരൻ പങ്കുവെച്ചതിന് പിന്നാലെയാണ് ഇന്ത്യൻ റെയിൽവേ സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുന്നത്.

‘ഇഫ്താറിന് ഇന്ത്യൻ റെയിൽവേയ്ക്ക് നന്ദി. ഞാൻ ധൻബാദിൽ നിന്നും ഹൗറ ശതാബ്ദിയിൽ കയറിയ ഉടൻ എനിക്ക് ലഘുഭക്ഷണം ലഭിച്ചു. ഞാൻ നോമ്പായതിനാൽ അല്പം വൈകി ചായ കൊണ്ടുവരാൻ ഞാൻ പാൻട്രിയിലുള്ള ആളോട് അഭ്യർത്ഥിച്ചിരുന്നു. നോമ്പിലാണോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ തലയാട്ടി. കുറച്ചുകഴിഞ്ഞപ്പോൾ മറ്റൊരാൾ ഇഫ്താറുമായി വന്നു’- ഷാനവാസ് അക്തർ തന്റെ ഭക്ഷണത്തിന്റെ ഫോട്ടോ പങ്കിട്ട് ട്വീറ്റ് ചെയ്തു.

ലോകമെമ്പാടുമുള്ള ഇസ്ളാം വിശ്വാസികൾ ഇപ്പോൾ റംസാൻ മാസത്തിന്റെ പുണ്യം തേടുന്നതിലാണ്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഉപവാസമിരുന്ന് നോമ്പുതുറയ്ക്ക് ഭക്ഷണം കഴിക്കാനുള്ള സമയമായി ഈ മാസം കണക്കാക്കപ്പെടുന്നു. നോമ്പ് മുറിക്കുന്നതിനെ സൂചിപ്പിക്കുന്ന രാത്രി വിരുന്നാണ് ഇഫ്താർ.

Read Also: മലയാളികൾ നെഞ്ചേറ്റിയ ‘ശ്രീവല്ലി’യും ‘മിഴിയകഴക് നിറയും രാധ’യും ഉൾപ്പെടെയുള്ള ഗാനങ്ങൾ സമ്മാനിച്ച കലാകാരൻ…

വിവിധ ഉത്സവങ്ങളും പരിപാടികളും കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ ഭക്ഷണത്തിൽ ഇളവ് നൽകുന്നത് ഇതാദ്യമല്ല. നവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ഭക്ഷണം നൽകുന്നുണ്ടെന്ന് വിശദീകരിക്കാൻ ഏപ്രിലിൽ റെയിൽവേ മന്ത്രാലയം ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

Story highlights- Indian Railways Iftar