മലയാളികൾ നെഞ്ചേറ്റിയ ‘ശ്രീവല്ലി’യും ‘മിഴിയകഴക് നിറയും രാധ’യും ഉൾപ്പെടെയുള്ള ഗാനങ്ങൾ സമ്മാനിച്ച കലാകാരൻ…

April 25, 2022

സിജു തുറവൂർ- ഈ പേര് പാട്ട് പ്രേമികൾക്കിടയിൽ പലർക്കും പരിചിതമാണെങ്കിലും അദ്ദേഹത്തെ അറിയാത്ത പലരും ഉണ്ടാവും. എന്നാൽ ഇദ്ദേഹത്തിന്റെ പാട്ടുകൾ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. തെലുങ്കിൽ നിന്നും മൊഴിമാറ്റി മലയാളത്തിലേക്ക് എത്തുന്ന മിക്ക സിനിമകളിലെയും ഗാനങ്ങൾക്ക് മൊഴിമാറ്റം നടത്തുന്നത് സിജു തുറവൂർ ആണ്. അല്ലു അർജുൻ നായകനായ ‘ഹാപ്പി’ മുതൽ അടുത്തിടെ തെന്നിന്ത്യ ഒട്ടാകെ തരംഗമായി മാറിയ ‘പുഷ്പ’യിലെ ഗാനവുമടക്കം മലയാളത്തിലേക്ക് അദ്ദേഹം മൊഴിമാറ്റി എത്തിച്ചത് നിരവധി ഗാനങ്ങളാണ്.

ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവവേദിയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തുകയാണ് ഈ കലാകാരൻ. 20 വർഷമായി പാട്ടെഴുത്ത് മേഖലയിൽ സജീവമാണ് സിജു. മലയാളികൾ ഉൾപ്പെടെ എപ്പോഴും പാടിക്കൊണ്ടിരിക്കുന്ന ‘മിഴിയഴക് നിറയും രാധ..’ എന്ന ഭക്തിഗാനത്തിന് വരികൾ ഒരുക്കിയതും സിജുവാണ്. ‘അമ്പിളിക്കണ്ണൻ’ എന്ന ആൽബത്തിലെ പാട്ടാണ് ഇത്. വളരെ വ്യത്യസ്തമായ ശൈലിയിൽ ഈ പാട്ട് ഒരുക്കിയ അദ്ദേഹത്തിന് വിവിധ ഇടങ്ങളിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചു.

Read also: അന്ന് മഞ്ജുവിനൊപ്പം ജൂനിയർ ആർട്ടിസ്റ്റായി, ഇന്ന് നായകനായും- മനസ് തുറന്ന് ജയസൂര്യ

ആദ്യമായി സിനിമയ്ക്ക് വേണ്ടി ഗാനം എഴുതിത്തുടങ്ങിയത് അല്ലു അർജുൻ നായകനായ ഹാപ്പി എന്ന ചിത്രത്തിലാണ്. തെലുങ്ക് പഠിച്ചിട്ടില്ലെങ്കിലും സിനിമയുടെ കഥ മനസിലാക്കി, പശ്ചാത്തലം അറിഞ്ഞ് ആണ് സിജു പാട്ടുകൾ എഴുതിത്തുടങ്ങുന്നത്. ഹാപ്പി എന്ന ചിത്രത്തിൽ അദ്ദേഹം നാല് പാട്ടുകൾ എഴുതി. പിന്നീട് അല്ലു അർജുൻ തന്നെ നായകനായ നിരവധി ചിത്രങ്ങൾക്ക് വേണ്ടിയും സിജു പാട്ടുകൾ ഒരുക്കി. അവസാനം പുറത്തിറങ്ങിയ പുഷ്പയിലെ ശ്രീവല്ലി എന്ന ഗാനത്തിന്റെ മലയാളം വരികൾ ഒരുക്കിയതും സിജുവാണ്. ഈ ഗാനത്തിന് വരികൾ ഒരുക്കിയപ്പോൾ തികച്ചും തെലുങ്ക് ചിത്രത്തിന്റെ അതെ അർത്ഥത്തിൽ വേണം മലയാളം പാട്ടും എന്നായിരുന്നു അണിയറപ്രവർത്തകരുടെ ആവശ്യം. കൃത്യമായി തെലുങ്ക് വരികൾ മൊഴിമാറ്റം ചെയ്തൊരുക്കിയ ശ്രീവല്ലി ഗാനത്തിലെ ‘കണ്ണിൽ കർപ്പൂര ദീപമോ’ എന്ന വാക്ക് തെലുങ്കിലെ വരികൾക്ക് പകരം താൻ സ്വയം ചേർത്തതാണെന്നും പറയുകയാണ് ഈ കലാകാരൻ.

Story highlights; Sreevalli Malayalam song lyricist SijuThuravoor