ജപ്പാനിലെ ട്രാഫിക് സിഗ്നലിൽ വച്ച് കണ്ടത് ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തനായ വ്യക്തിയെ; ചിത്രങ്ങൾ പങ്കുവെച്ച് നടൻ ഇന്ദ്രജിത്ത് സുകുമാരൻ

ഒരുപാട് യാത്രകൾ ചെയ്യുന്നയാളാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. സിനിമകളുടെ തിരക്കുകൾക്കിടയിൽ നിന്നും കൃത്യമായ ഇടവേളകളെടുത്ത് യാത്രകൾ പോവാറുള്ള ഇന്ദ്രജിത്ത് തന്റെ യാത്രാനുഭവങ്ങളെ പറ്റി പലപ്പോഴും അഭിമുഖങ്ങളിൽ വാചാലനാവാറുമുണ്ട്.
കുടുംബത്തോടൊപ്പവും ഒറ്റയ്ക്കും യാത്രകൾ ചെയ്യാറുള്ള അദ്ദേഹം യാത്രയ്ക്കിടയിൽ എടുക്കുന്ന ചിത്രങ്ങൾ തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ജപ്പാനിലേക്കുള്ള യാത്രയ്ക്കിടയിൽ എടുത്ത ചിത്രങ്ങളാണ് ഇന്ദ്രജിത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 2017-ലാണ് അദ്ദേഹം ജപ്പാനിലേക്ക് യാത്ര ചെയ്‌തത്. താൻ പെട്ടെന്ന് വളരെയധികം ഇഷ്‌ടത്തിലായ ഒരു രാജ്യമാണ് ജപ്പാൻ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. യാത്രയ്ക്കിടയിൽ ജപ്പാനിലെ ക്യോട്ടോയിലെ ഒരു ട്രാഫിക് സിഗ്നലിൽ വച്ചാണ് ഇന്ദ്രജിത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തനായ പ്രഗത്ഭനായ ഒരു വ്യക്തിയെ കണ്ടുമുട്ടുന്നത്. ആ കണ്ടുമുട്ടലിനെ പറ്റിയുള്ള ഓർമയും ചിത്രവുമാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാവുന്നത്.
മറ്റാരുമല്ല റിലൈൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയാണ് ഇന്ദ്രജിത്ത് ക്യോട്ടോയിൽ വച്ച് കണ്ടുമുട്ടിയത്. അദ്ദേഹത്തോടൊപ്പമുള്ള ചിത്രമാണ് ഇന്ദ്രജിത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
“2017 ലെ ഒരു ശൈത്യകാല അവധിദിനമായിരുന്നു അത്. ഞാന്‍ വളരെ വേഗം ഇഷ്ടത്തിലായിപ്പോയ രാജ്യമാണ് ജപ്പാൻ. അവിടുത്തെ ആളുകള്‍, സംസ്കാരം, സൗന്ദര്യം, അച്ചടക്കം. പരിചയപ്പെടാനും പഠിക്കാനും സ്വീകരിക്കാനും ഒരുപാടുണ്ട്. ചെറികള്‍ പൂവിടുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ ആ രാജ്യം സന്ദര്‍ശിക്കുക എന്നത് ഇപ്പോഴും എന്‍റെ ബക്കറ്റ് ലിസ്റ്റില്‍ ഉള്ള കാര്യമാണ്. ദൈവാനുഗ്രഹത്താല്‍ അത് വൈകാതെ നടക്കും. ക്യോട്ടോയിലെ ഒരു ട്രാഫിക് സിഗ്നലിൽ വച്ച് അവിചാരിതമായി ഞാൻ കണ്ടുമുട്ടിയ ആളാരാണെന്നറിയാൻ അവസാന ചിത്രം കാണുക” – ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ഇന്ദ്രജിത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Read More: ‘നീലവെളിച്ചം’ പ്രകാശിക്കുന്നു; ആഷിഖ് അബു- ടൊവിനോ തോമസ് ചിത്രം ഷൂട്ടിംഗ് തുടങ്ങി
വൈശാഖ് സംവിധാനം ചെയ്‌ത ‘നൈറ്റ് ഡ്രൈവ്’ ആണ് ഇന്ദ്രജിത്തിന്റേതായി അവസാനം പുറത്തു വന്ന ചിത്രം. രാജീവ് രവിയുടെ ‘തുറമുഖം’, എം പത്മകുമാറിന്റെ ‘പത്താം വളവ്’ എന്നീ സിനിമകളാണ് ഇന്ദ്രജിത്തിന്റെ ഇനി പുറത്തു വരാനിരിക്കുന്ന ചിത്രങ്ങൾ.
Story Highlights: Indrajith shares photos with mukesh ambani