തീപ്പെട്ടി കമ്പനിയുടെ ഓണറാണെന്ന് പറഞ്ഞ് ആലീസിനെ കല്യാണം കഴിച്ച ഇന്നസെന്റ്- മനസുതുറന്ന് പ്രിയനടൻ
മലയാളികള്‍ക്ക് എക്കാലത്തും ഓര്‍ത്ത് ചിരിക്കാന്‍ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള താരമാണ് ഇന്നസെന്റ്. നര്‍മ്മം മാത്രമല്ല മറ്റ് എല്ലാ രസഭാവങ്ങളും ഭദ്രമാണ് ഈ അതുല്യ കലാകാരന്റെ കൈകളില്‍. സംഗീതാസ്വാദകര്‍ക്ക് പാട്ട് വിരുന്ന് സമ്മാനിക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗറിലും അറിവിന്റെ വേദിയായ ഫ്ളവേഴ്സ് ഒരുകോടിയിലും അതിഥിയായി എത്തിയിരുന്നു ഇന്നസെന്റ്.
ഇപ്പോഴിതാ, ഒരുകോടി വേദിയിൽ തന്റെ വിവാഹ കഥ പങ്കുവയ്ക്കുകയാണ് ഇന്നസെന്റ്. ഭാര്യ ആലീസിനൊപ്പമാണ് ഇന്നസെന്റ് ഒരുകോടിയിൽ എത്തിയത്. തീപ്പെട്ടി കമ്പനിയുടെ മുതലാളി ആണെന്ന് പറഞ്ഞാണ് ആലീസിനെ ഇന്നസെന്റ് വിവാഹം കഴിച്ചത്. അതിനൊപ്പം തന്നെ ബി എസ് സി ബിരുദം ഉണ്ടെന്നും പറഞ്ഞിരുന്നു. വിവാഹശേഷം പത്തുദിവസം പിന്നിട്ടിട്ടും ഇന്നസെന്റ് കമ്പനിയിൽ പോകുന്നത് കാണുന്നുമില്ല, ഇങ്ങനെയുള്ള ഇൻഡസ്ട്രിയൽ കമ്പനികൾ കാണാത്ത ആലീസിന് ഇത് കാണാൻ ഒരു മോഹവും. അങ്ങനെ ഇന്നസെന്റിനെ നിർബന്ധിച്ച് കമ്പനിയിൽ പോയി.
അവിടെ ചെന്നപ്പോൾ പൂട്ടിക്കിടക്കുന്ന ഒരു സ്ഥാപനമാണ് മുന്നിൽ. അപ്പോഴാണ് ഇത് നടത്താൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ നടന്നില്ല എന്ന കാര്യമൊക്കെ ആലീസിനോട് ഇന്നസെന്റ് പറയുന്നത്. വളരെ രസകരമായാണ് ഇരുവരും ഈ കഥ പറയുന്നത്. അന്ന് തീപ്പെട്ടി കമ്പനിയുമായി നിന്നിരുന്നെങ്കിൽ അതിൽത്തന്നെ ജീവിതം പാഴായി പോയേനെ എന്ന് ഇപ്പോൾ തോന്നുന്നുണ്ട് എന്നാണ് ആലീസ് പ്രതികരിച്ചത്.
Read Also: ഗൗരിമോൾക്ക് വേണം 16 കോടി രൂപ, ഒരു ദിവസംകൊണ്ട് ബസുടമകളും ജീവനക്കാരും ചേർന്ന് സമാഹരിച്ചത് 7,84,030 രൂപ
അതുപോലെ ബി എസ് സി ബിരുദക്കാരനാണ് എന്ന തെറ്റിധാരണയും ആലീസിനു വിവാഹ സമയത്തുണ്ടായിരുന്നു. ആലീസിനു ട്യൂഷൻ എടുത്തിരുന്ന ഒരു അധ്യാപകൻ ക്രൈസ്റ്റ് കോളേജിലൊക്കെ ഇന്നസെന്റിനെ കണ്ടിട്ടുണ്ട് എന്നും ബി എ ആണോ ബി കോം ആണോ എന്നൊന്നും അറിയില്ല എന്നും പറഞ്ഞിരുന്നു. പിന്നീട് ബി എസ് സി ആണെന്നുകൂടി അദ്ദേഹം പറഞ്ഞപ്പോൾ ആലീസും കുടുംബവും വിശ്വസിക്കുകയായിരുന്നു. രസകരമായ ഈ കഥകൾ ഇന്നസെന്റും സരസമായി പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ്.
Story highlights- innocent about his marriage