“മോഹൻലാലിനെ ദേഷ്യം പിടിപ്പിച്ച ആ പാട്ട്”; പൊട്ടിച്ചിരി പടർത്തി ഒരു കോടി വേദിയിൽ ഇന്നസെന്റ് പങ്കുവെച്ച ഓർമ
മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന ഒട്ടേറെ കഥാപാത്രങ്ങളെ ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട്. പ്രേക്ഷകർ ജീവിതത്തിലും സ്ഥിരമായി സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന പല തമാശ ഡയലോഗുകളും ഇന്നസെന്റിൻറെ കഥാപാത്രങ്ങൾ സിനിമകളിൽ പറഞ്ഞിട്ടുള്ളവയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ നർമ മുഹൂർത്തങ്ങളിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാൾ കൂടിയാണ് ഇന്നസെന്റ്.
ഇപ്പോൾ ഫ്ളവേഴ്സ് ഒരു കോടി വേദിയിലെത്തിയിരിക്കുകയാണ് ഇന്നസെന്റ്. അറിവിന്റെ വേദിയിൽ ചിരി പടർത്തിയ ഒട്ടേറെ ഓർമ്മകൾ നടൻ പങ്കുവെച്ചിരുന്നു. നടൻ മോഹൻലാലുമായി ബന്ധപ്പെട്ട ഒരനുഭവം ഇന്നസെന്റ് പങ്കുവെച്ചതാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചിരി ഉണർത്തുന്നത്.
തീപ്പെട്ടിക്കമ്പനിയുടെ ആവശ്യങ്ങൾക്കായി താൻ പലപ്പോഴും ശിവകാശിയിൽ പോവാറുണ്ടായിരുന്നു എന്നും അങ്ങനെ ഒരിക്കൽ പോയപ്പോഴാണ് തന്നെ വളരെ ആകർഷിച്ച ഒരു ഗാനം കേൾക്കുന്നതെന്നും പറഞ്ഞിരിക്കുകയാണ് ഇന്നസെന്റ്. പിന്നീട് മോഹൻലാലിനെ കണ്ടപ്പോൾ താൻ ഈ പാട്ട് പാടിയെന്നും മോഹൻലാലിന് ഈ ഗാനം അത്ര രസിച്ചില്ല എന്നും ഇന്നസെന്റ് ഓർത്തെടുക്കുന്നു. എന്നാൽ പിന്നീട് മോഹൻലാലിനെ കാണുമ്പോഴൊക്കെ ഒരു തമാശയ്ക്ക് താനീ പാട്ട് പാടി അദ്ദേഹത്തെ അസ്വസ്ഥൻ ആക്കാറുണ്ടായിരുന്നു എന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.
ഇതേ ഗാനം തന്നെയാണ് പിന്നീട് മലയാളികൾ ഏറ്റെടുത്ത നമ്പർ 20 മദ്രാസ് മെയിലിലെ ‘അഴകാന നീലി വരും’ എന്ന പ്രശസ്ത ഗാനമായി മാറിയത്. ഈ ഗാനത്തിന്റെ ഉത്ഭവത്തെ പറ്റിയുള്ള രസകരമായ അനുഭവമാണ് ഇന്നസെന്റ് അറിവിന്റെ വേദിയിൽ ഓർത്തെടുത്തത്.
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്ളവേഴ്സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്ളവേഴ്സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.
Story Highlights: Innocent recalls funny incident about mohanlal