“വന്ദേ മുകുന്ദ ഹരേ..”; പ്രേക്ഷകരുടെ മനസ്സ് നിറച്ച് പാട്ട് വേദിയിൽ ഇന്നസെന്റിന്റെ ഗാനം

April 7, 2022

ബഹുമുഖ പ്രതിഭയായ ഒരു നടനാണ് ഇന്നസെന്റ്. അഭിനയത്തിനൊപ്പം തന്നെ സംഗീതവും വളരെയേറെ ആസ്വദിക്കുന്ന ഒരു കലാകാരൻ കൂടിയാണ് ഇന്നസെന്റ്. നന്നായി പാടാറുള്ള അദ്ദേഹം തന്റെ സിനിമകളിലും പാടിയിട്ടുണ്ട്. അദ്ദേഹം പാടിയ പല സിനിമ ഗാനങ്ങളും വലിയ ജനപ്രീതി നേടിയിട്ടുണ്ട്.

ഇപ്പോൾ മ്യൂസിക് ഉത്സവ വേദിയിൽ അദ്ദേഹം പാടിയ ഒരു പാട്ടാണ് പ്രേക്ഷകരുടെ മനസ്സ് കവരുന്നത്. ഐ വി ശശി സംവിധാനം ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ അഭിനയിച്ച ‘ദേവാസുരം’ എന്ന ചിത്രത്തിലെ ‘വന്ദേ മുകുന്ദ ഹരേ’ എന്ന ഗാനമാണ് ഇന്നസെന്റ് പാട്ട് വേദിയിൽ ആലപിച്ചത്. ടോപ് സിംഗർ വേദിയിലെ വിധികർത്താക്കളിലൊരാളായ എം ജി ശ്രീകുമാറിന്റെ ജ്യേഷ്ഠൻ എം ജി രാധാകൃഷ്ണനാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സംഗീതത്തിലെ രാഗങ്ങളെ പറ്റി സംസാരിക്കുന്നതിനിടയിലാണ് ഇന്നസെന്റ് പാടുന്നത്. രാഗങ്ങൾ ഏതൊക്കെയാണെന്ന് ഇന്നസെന്റ് എം ജി ശ്രീകുമാറിനോട് ചോദിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപെട്ട ഗാനം ഏതാണെന്ന് എം ജി ചോദിക്കുന്നത്. അപ്പോഴാണ് ഇന്നസെന്റ് ‘വന്ദേ മുകുന്ദ ഹരേ’ ആണ് തന്റെ ഇഷ്ടഗാനം എന്ന് പറയുന്നത്. തുടർന്ന് ഇരുവരും ഒരുമിച്ച് ആ ഗാനം വേദിയിൽ ആലപിക്കുകയായിരുന്നു. പ്രേക്ഷകരുടെയും വേദിയിലുണ്ടായിരുന്നവരുടെയും മനസ്സ് നിറഞ്ഞ ഒരു അനുഭവമാവുകയായിരുന്നു അത്.

നടൻ ഇന്നസെന്റിന്റെ മനസ്സ് നിറച്ച പല അനുഭവങ്ങളും മ്യൂസിക് ഉത്സവ വേദിയിൽ അരങ്ങേറിയിരുന്നു. അത്തരമൊരു നിമിഷമായി ഇതും മാറുകയായിരുന്നു.

Read More: സൗഹൃദത്തോളിലേറി അലിഫ് കോളേജ് വരാന്തയിൽ-ഉള്ളുതൊടുന്നൊരു സൗഹൃദ കാഴ്ച

സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് ഇന്നസെന്റ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ നർമ മുഹൂർത്തങ്ങളിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. മലയാളി സിനിമ പ്രേക്ഷകരുടെ മനം കവർന്ന ഒട്ടേറെ കഥാപാത്രങ്ങളെ നടൻ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. പ്രേക്ഷകർ ജീവിതത്തിലും സ്ഥിരമായി സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന പല തമാശ ഡയലോഗുകളും ഇന്നസെന്റിനൻറെ കഥാപാത്രങ്ങൾ സിനിമകളിൽ പറഞ്ഞിട്ടുള്ളവയാണ്.

Story Highlights: Innocent singing his favourite song