ഇന്ന് ഐപിഎൽ ക്ലാസിക്കോ പോരാട്ടം; മുംബൈ-ചെന്നൈ മത്സരം രാത്രി 7.30 യ്ക്ക്
ഐപിഎല്ലിലെ എൽ ക്ലാസിക്കോ പോരാട്ടമാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരം. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത് അഭിമാന പോരാട്ടമായാണ് ആരാധകർ കാണുന്നത്. അത് കൊണ്ട് തന്നെ ടൂർണമെന്റിലെ തന്നെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നാണ് മുംബൈ-ചെന്നൈ മത്സരം.
എന്നാൽ ഇത്തവണത്തെ ക്ലാസിക്കോ മത്സരത്തിന് തിളക്കം പോര എന്നതാണ് യാഥാർഥ്യം. ഇരു ടീമുകളുടെയും മോശം ഫോം തന്നെയാണ് കാരണം. ഐപിഎൽ ചരിത്രത്തിലെ തന്നെ മുംബൈയുടെ ഏറ്റവും മോശം സീസണാണ് ഇത്തവണത്തേത്. ഇത് വരെ ഒരു ജയം പോലും നേടാൻ കഴിയാത്ത മുംബൈ സീസണിലെ ആദ്യ ജയത്തിനായാണ് ഇന്നിറങ്ങുന്നത്. ഐപിഎൽ ചരിത്രത്തിലാദ്യമായി സീസണിന്റെ തുടക്കത്തിൽ തുടർച്ചയായി 7 മത്സരങ്ങളിൽ തോൽവിയറിഞ്ഞ ടീമെന്ന വലിയ നാണക്കേടിന് തൊട്ടരികിലാണ് മുംബൈ.
അതേ സമയം ഒരു മത്സരത്തിൽ മാത്രമാണ് മുൻ ചാമ്പ്യൻസ് കൂടിയായ ചെന്നൈ ജയിച്ചിട്ടുള്ളത്. മോശമായ ബൗളിംഗ് നിരയാണ് ചെന്നൈയുടെ പ്രധാന പ്രശ്‌നം. വലിയ തുക മുടക്കി ടീമിലെത്തിച്ച ദീപക് ചാഹർ സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ പരിക്കേറ്റ് പുറത്തായിരുന്നു. ചാഹറിന് ഇത്തവണത്തെ സീസൺ മുഴുവൻ നഷ്ടമാവും എന്നാണ് ഒടുവിൽ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ചാഹറിന് ഒരു പകരക്കാരനെ കണ്ടെത്താൻ ചെന്നൈക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ശ്രീലങ്കൻ താരമായ മഹീഷ് തീക്ഷണയുടെ വരവ് ചെന്നൈ ബൗളിംഗ് നിരയ്ക്ക് ചെറിയ ആശ്വാസം പകർന്നിട്ടുണ്ട്.
Read More: ‘അടുത്ത ടി 20 ലോകകപ്പിൽ കളിക്കണം’; ആഗ്രഹം പരസ്യമാക്കി ദിനേശ് കാർത്തിക്
ബൗളിംഗ് തന്നെയാണ് മുംബൈ ടീമും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുംബൈ ഏറെ പ്രതീക്ഷ അർപ്പിച്ച ജസ്പ്രീത് ബുമ്ര ഫോമിലേക്കുയരാത്തത് ടീമിന് വലിയ തലവേദനയാണ്. കഴിഞ്ഞ 6 മത്സരത്തിൽ 4 മത്സരങ്ങളിലും വിക്കറ്റുകൾ നേടാതെയാണ് ബുമ്ര മടങ്ങിയത്.
രാത്രി 7.30 യ്ക്ക് മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം.
Story Highlights: IPL classico today