‘ജഗതിയുടെ കഥാപാത്രം സസ്പെൻസായിരിക്കട്ടെ’; സിബിഐ 5 സിനിമയിലെ നടൻ ജഗതിയുടെ സാന്നിധ്യത്തെ പറ്റി സംവിധായകൻ കെ. മധു

April 25, 2022

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി 17 വർഷങ്ങൾക്ക് ശേഷം വീണ്ടും സേതുരാമയ്യരായി തിരശീലയിലെത്തുകയാണ്. സിബിഐ 5: ദി ബ്രെയിൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സിബിഐ സിനിമ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ്. കഴിഞ്ഞ നാല് ചിത്രങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന കെ മധു-എസ് എൻ സ്വാമി കൂട്ടുകെട്ട് തന്നെയാണ് ഈ ചിത്രത്തിനായും ഒന്നിച്ചിരിക്കുന്നത്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.

ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. വർഷങ്ങൾക്ക് മുൻപുണ്ടായ കാറപകടത്തിന് ശേഷം ഇതാദ്യമായാണ് ജഗതി വീണ്ടും സിനിമയിൽ അഭിനയിക്കുന്നത്. സിബിഐ ചിത്രത്തിൽ ജഗതി വീണ്ടും അഭിനയിക്കുന്നുണ്ടെന്ന വാർത്ത വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള മലയാളികൾ.

ഇപ്പോൾ ജഗതി ശ്രീകുമാറിനെ ചിത്രത്തിൽ അഭിനയിപ്പിച്ചതിനെ പറ്റിയുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ കെ മധു. “അപകടത്തെ തുടർന്നു വിശ്രമിക്കുന്ന ജഗതിയെ വെറുതെ കാണിച്ചു പോകുന്ന രംഗമായിരിക്കും ഇതിൽ ഉണ്ടാവുക എന്ന് പലരും കരുതുന്നുണ്ട്. അദ്ദേഹത്തിന് എങ്ങനെ പ്രാധാന്യം നൽകും എന്നു സംശയിക്കുന്നവരും കാണും. ജഗതിയുടെ വിക്രം എന്ന കഥാപാത്രത്തിന് ചിത്രത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടാവുമെന്ന് സിനിമ റിലീസാവുമ്പോൾ ആളുകൾക്ക് മനസ്സിലാവും. അദ്ദേഹം എത്ര രംഗങ്ങളിൽ അഭിനയിക്കുന്നുണ്ട് എന്നതും സംസാരിക്കുന്നുണ്ടോ എന്നതും രഹസ്യമായി ഇരിക്കട്ടെ. ജഗതിയെ ഒഴിവാക്കി ഈ ചിത്രം എടുക്കാനാവില്ലെന്നു പടം കണ്ടു കഴിയുമ്പോൾ മനസിലാകും.” -കെ മധു പറഞ്ഞു.

Read More: ഇത് സേതുരാമയ്യരുടെ അഞ്ചാം വരവ്; ആകാംക്ഷയുണർത്തി സിബിഐ 5 ന്റെ ട്രെയ്‌ലർ

മെയ് 1 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ വൈറലായിരുന്നു. 34 വർഷങ്ങൾക്ക് മുൻപ് 1988 ലാണ് ആദ്യ സിബിഐ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ റിലീസ് ചെയ്തത്. പക്ഷെ ഇപ്പോഴും സേതുരാമയ്യരുടെ ലുക്കിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ പറയുന്നത്.

Story Highlights: K. Madhu about jagathy in CBI 5